1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2016

സ്വന്തം ലേഖകന്‍: എഴുപതാം സ്വാതന്ത്ര്യ ദിനത്തിന്റെ ആവേശത്തില്‍ ഇന്ത്യ, ദുര്‍ബല വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് എതിരെ അക്രമം നടത്തുന്നവരെയും അസഹിഷ്ണുത വളര്‍ത്തുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് രാഷ്ട്രപതി പറഞ്ഞു.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധിയെയും രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരെയും അനുസ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത്. പ്രണബ് മുഖര്‍ജിയുടെ അഞ്ചാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്.

ലോകത്ത് ഭീകരത വര്‍ധിച്ചുവരികയാണെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വരുത്തരുത്. അവരെ സംരക്ഷിക്കാത്ത സമൂഹത്തെ സംസ്‌കാര സമ്പന്നരെന്ന് പറയാനാകില്ലെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.

ജിഎസ്ടി ബില്‍ പാസാക്കാന്‍ സാധിച്ചത് രാജ്യത്തെ ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഇന്ത്യ മറ്റു രാജ്യങ്ങളുമായി മൂല്യങ്ങളും നേട്ടങ്ങളും പങ്കുവെച്ച് മികച്ച ബന്ധം കെട്ടിപ്പടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തരവും ബാഹ്യവുമായ നിരവധി ശക്തികള്‍ ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാന്‍ നൂറ്റാണ്ടുകളായി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അത്തരം ഘട്ടങ്ങളിലൊക്കെ ഈ ആത്മാവ് കൂടുതല്‍ കരുത്തോടെയും ശോഭയോടെയും നിലകൊണ്ടിട്ടുണ്ട്. ശാസ്ത്രീയത്വര വളര്‍ത്തിയെടുക്കണമെന്നും അശാസ്ത്രീയ വിശ്വാസങ്ങളെ ചോദ്യംചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികളുടെ ആക്രമണ ഭീഷണിയുടെയും കാഷ്മീരിലെ കലാപത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയും പരിസര പ്രദേശങ്ങളും പല തട്ടുകളിലായുള്ള സുരക്ഷാ വലയത്തിലാണ്. അഞ്ഞൂറോളം സിസിടിവികളുടെയും പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുടെയും വലയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുന്ന പരിപാടികളില്‍ ചെങ്കോട്ടയ്ക്കു ചുറ്റും ഒരുക്കിയിരിക്കുന്നത്.

വന്‍നഗരങ്ങളിലൂം തലസ്ഥാനങ്ങളിലും ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടെണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശമാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കിബാത്തിലൂടെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

ഗല്ാ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.