സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി അവതരിപ്പിച്ചു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് അദ്ദേഹം 5ജി സേവനങ്ങള്‍ക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലേക്കും അതിനോട് ചേര്‍ന്നുള്ള നൂതന സാധ്യതകളിലേക്കും അവസരങ്ങളിലേക്കും കൈപിടിച്ചുയര്‍ത്തുന്ന സാങ്കേതിക വിദ്യയായിരിക്കും 5ജി.
വയര്‍ലെസ് വിവരവിനിമയത്തിന്റെ അഞ്ചാം തലമുറ സാങ്കേതികവിദ്യകളെയാണ് 5ജി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. അള്‍ട്രാ-ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയാണ് 5ജി വാഗ്ദാനം. ഇത്രയും നാള്‍ എംബിപിഎസ് വേഗമാണ് കണക്കിലെടുത്തിരുന്നത് എങ്കില്‍ 5ജിയിലേക്ക് എത്തുമ്പോള്‍ അത് ജിബിപിഎസിലേക്ക് മാറും. വിവര കൈമാറ്റത്തിന് വേഗം വര്‍ധിക്കും.
ഉദ്ഘാടന വേദിയില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞ പോലെ ആരോഗ്യം, വിദ്യാഭ്യാസം, ആരോഗ്യം, ചരക്ക് നീക്കം, ബാങ്കിങ് ഉള്‍പ്പടെ വിവിധ മേഖലകളില്‍ 5ജി സമൂലമാറ്റം കൊണ്ടുവരും.
നിലവില്‍ നമ്മളെല്ലാം ഉപയോഗിക്കുന്ന 4ജി സ്മാര്‍ട്‌ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അതിവേഗ കണക്റ്റിവിറ്റിയിലൂന്നിയ സേവനങ്ങളാണ് യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍ 5ജി വരുന്നതോടെ അത് സ്മാര്‍ട്‌ഫോണുകളില്‍ മാത്രം ഒതുങ്ങില്ല. സ്മാര്‍ട് ടിവികള്‍, കംപ്യൂട്ടറുകള്‍, വിര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍, മെറ്റാവേഴ്‌സ് സേവനങ്ങള്‍, ഗെയിമിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങി വിവിധങ്ങളായ ഉപയോഗങ്ങള്‍ക്ക് 5ജി പുതിയ വഴികള്‍ തുറക്കും.
തീര്‍ച്ചയായും കൂടുതല്‍ മികവുള്ള മൊബൈല്‍ കണക്റ്റിവിറ്റി 5ജിയിലൂടെ ലഭിക്കും. പ്രധാനമായും പരസ്പര ബന്ധിതമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിന് 5ജി ശക്തിപകരും. ദുരന്ത നിവാരണം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ 5ജിയുടെ അതിവേഗ വിവര കൈമാറ്റ ശേഷി പ്രയോജനപ്പെടുത്തിക്കൊണ്ട് നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാനാവും.
രാജ്യവ്യാപകമായി ഇപ്പോള്‍ 5ജി ലഭിക്കില്ല. പകരം തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമെ 5ജി കണക്റ്റിവിറ്റി ലഭിക്കുള്ളൂ. 13 നഗരങ്ങളിലാണ് 5ജി ആദ്യം ലഭിക്കുക. ഇക്കൂട്ടത്തില്‍ കേരളത്തിലെ നഗരങ്ങളൊന്നും ഇല്ല. അഹമ്മദാബാദ്, ബെംഗളുരു, ചണ്ഡിഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുണെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി എത്തുക.
ഇന്ത്യയില്‍ എയര്‍ടെല്‍, ജിയോ, വി എന്നീ കമ്പനികളാണ് മൊബൈല്‍ സേവന ദാതാക്കള്‍ക്കായി 5ജി എത്തിക്കുക. നിരക്കുകള്‍ കമ്പനികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വരുന്ന മാസങ്ങളില്‍ തന്നെ ഇന്ത്യയില്‍ മറ്റ് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമെല്ലാം 5ജി എത്തിച്ചേരും. 2023 അവസാനത്തോടെ രാജ്യവ്യാപകമായി 5ജി എത്തിക്കുമെന്നാണ് റിലയന്‍സ് ജിയോയുടെ പ്രഖ്യാപനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല