![](https://www.nrimalayalee.com/wp-content/uploads/2021/05/Canada-Covid-Vaccine-Children-above-12.jpg)
സ്വന്തം ലേഖകൻ: ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിയന്ത്രണങ്ങളോടെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകി. സ്കൂളുകളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വിദഗ്ധ സമിതിയുടെ നിർദേശപ്രകാരം അനുമതി നൽകിയത്.
ആദ്യ രണ്ട് മാസത്തേക്ക് ഓരോ 15 ദിവസത്തിലും കൃത്യമായ വിശകലനത്തോടെ, പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള വിവരം ഉൾപ്പെടെയുള്ള സുരക്ഷാ ഡാറ്റ സമർപ്പിക്കാൻ ഡി.സി.ജി.ഐ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം ഡിസംബറിൽ 12 മുതൽ 18 വരെ വയസ്സുകാരിൽ അടിയന്തര ഉപയോഗത്തിന് കോവാക്സിന് അനുമതി നൽകിയിരുന്നു.
5-12 വയസ്സുകാരിൽ അടിയന്തര ഉപയോഗത്തിന് കോർബെവാക്സിനും അനുമതി നൽകി. നിലവിൽ 12-14 വയസ്സുകാരിൽ ഈ വാക്സിൻ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, 12 വയസ്സിനു മുകളിലുള്ളവരിൽ അടിയന്തര ഉപയോഗിത്തിന് സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിനും അനുമതി നൽകി.
ഈ വർഷം ജനുവരി മൂന്നു മുതലാണ് 15-18 വയസ്സുകാരിൽ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്. പിന്നാലെ കഴിഞ്ഞമാസം 12 വയസ്സിനു മുകളിലുള്ളവരെ കൂടി വാക്സിൻ ഡ്രൈവിന്‍റെ ഭാഗമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല