സ്വന്തം ലേഖകൻ: അധികം വൈകാതെ തന്നെ ഇന്ത്യ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്നാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നതിന് പുറമേ, ആഗോളതലത്തില്‍തന്നെ ഏറ്റവും കുറഞ്ഞ തുകയില്‍ ഡേറ്റാ പ്ലാനുകള്‍ നല്കുന്ന രാജ്യമായി ഇന്ത്യമാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 6ജി ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ ഇന്ത്യ 5ജിയില്‍നിന്ന് 6ജിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
രാജ്യത്ത് ഉടനീളം 5ജി സേവനങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ലഭ്യമാക്കിയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. രാജ്യത്തെ 22 മേഖലകളിലും വിജയകരമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കിയെന്ന ജിയോയുടെ പ്രഖ്യാപനമാണ് ഇതിനോട് കൂട്ടിവായിക്കേണ്ടത്. ഡൈവേഴ്സ് റേഡിയോ ഫ്രീക്വന്‍സി വഴി രാജ്യത്തിന്റെ എല്ലാഭാഗത്തും ഹൈ- സ്പീഡ് വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്നാണ് ജിയോയുടെ അവകാശവാദം. ഡേറ്റാ ഹൈവേകള്‍, വ്യത്യസ്ത സ്പെക്ട്രം ബാന്‍ഡുകള്‍ എന്നിവ വഴിയാണ് ഇത് സാധ്യമാക്കിയത്.
ഓഗസ്റ്റ് 11-ഓടെ ആവശ്യമായ എല്ലാ പരിശോധനകളും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്മെന്റ് പൂര്‍ത്തിയാക്കിയെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. ജിയോയ്ക്ക് പിന്നാലെ ഭാരതി എയര്‍ടെല്ലും രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ തുടരുകയാണ്. നിലവില്‍തന്നെ സൂപ്പര്‍ഫാസ്റ്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന 5ജിയേക്കാള്‍ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ്സ് വരെയാണ് 5ജിക്ക് കൈവരിക്കാവുന്ന വേഗം.
അതേസമയം, 6ജിക്ക് ഇത് സെക്കന്‍ഡില്‍ ഒരു ടെറാബൈറ്റ് വരെയാണ്. ഫാക്ടറികള്‍ അകലങ്ങളില്‍നിന്ന് നിയന്ത്രിക്കാമെന്നും പരസ്പരം സംസാരിക്കുന്ന കാറുകളും ഡ്രൈവറില്ലാതെ ഓടുന്ന കാറുകളും വികാരങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന ധരിക്കുന്ന ഗാഡ്ജറ്റുകളടക്കം 6ജി യാഥാര്‍ഥ്യമാവുന്നതോടെ നടപ്പിലാവുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 6ജി വരുന്നതോടെ സുസ്ഥിതര സാധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഒരു മിനിറ്റില്‍ നൂറ് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന സ്പീഡ് എന്നാണ് 6ജിയെ വിശേഷിപ്പിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റി, റിയാലിറ്റിയുമായി കൂടുതല്‍ അടുത്തുവരുമെന്നും അതുവഴി ഓണ്‍ലൈന്‍ അനുഭവങ്ങള്‍ക്ക് അല്‍പ്പംകൂടെ ജീവന്‍വെച്ചതുപോലെ തോന്നുമെന്നും പറയപ്പെടുന്നു. ഭൗതിക യാഥാര്‍ഥ്യവും ഡിജിറ്റല്‍ ലോകവും തമ്മിലെ അന്തരം വളരേ നേര്ത്തതാവുമെന്നും അനുമാനിക്കപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല