1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2017

സ്വന്തം ലേഖകന്‍: ചൈനയുടെ സാമ്പത്തിക ഇടനാഴിക്ക് ബദലായി ഇന്ത്യ അഫ്ഗാന്‍ വ്യോമ ഇടനാഴി, പ്രതിഷേധവുമായി ചൈന. പ്രമുഖ ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇന്ത്യയുടെ പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചൈനയുടെ സാമ്പത്തിക ഇടനാഴിയ്ക്ക് ഒപ്പമെത്താനുള്ള ന്യൂഡല്‍ഹിയുടെ നീക്കമാണിതെന്നും ഇന്ത്യയുടെ വെട്ടിപ്പിടുത്ത മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് പറയുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യന്‍ വിപണിയിലേക്ക് അഫ്ഗാനിസ്താന് എളുപ്പത്തില്‍ പ്രവേശിക്കുന്നതിനുമായി കഴിഞ്ഞയാഴ്ചയാണ് ഇന്ത്യഅഫ്ഗാനിസ്താന്‍ വ്യോമ ഇടനാഴി ഉദ്ഘാടനം ചെയ്തത്. കാബൂളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യ, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ എളുപ്പത്തില്‍ സാധ്യമാകുന്ന പാതകള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. ചബഹര്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്താനും ഇറാനുമായി ഇന്ത്യ സഹകരിക്കുന്നുണ്ട്. ഈ മൂന്നു രാജ്യങ്ങള്‍ക്കിടയിലെ കടലിലൂടെയുള്ള ചരക്ക് നീക്കത്തിനായി 2016 മേയിലാണ് ഗതാഗത കരാര്‍ ഒപ്പുവച്ചത്.

പുതിയ വ്യോമ ഇടനാഴി പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്താന്‍, ഇറാന്‍ മറ്റ് മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യം വികസിപ്പിക്കാനുള്ള നീക്കമാണോയെന്ന ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ ചോദിക്കുന്നു. പ്രദേശിക സാമ്പത്തിക വികസനത്തില്‍ മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത ഭൂരാഷ്ട്രീയ ചിന്തകളുമാണ് ഇന്ത്യയ്ക്ക് ഇതിനു പിന്നിലുള്ളതെന്നും ലേഖനത്തില്‍ പറയുന്നു. ചൈനപാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയെ ഇന്ത്യ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വിഷയം ചൈനീസ് മാധ്യമം അതീവ ശ്രദ്ധ കൊടുത്തിരിക്കുന്നത്.

പാകിസ്താന്‍ അധിനിവേശ കശ്മീരിലെ ഗില്‍ജിത്ബലൂചിസ്താന്‍ മേഖലയില്‍ കൂടിയുള്ള ബെല്‍റ്റ് ആന്റ് റോഡ് സംരംഭത്തോട് തുടക്കം മുതല്‍ ഇന്ത്യ കടുത്ത വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. ബെല്‍റ്റ് ആന്റ് റോഡ് സംരംഭത്തെ എതിര്‍ക്കുന്നതിനൊപ്പമാണ് തതുല്യമായ പദ്ധതി ഇന്ത്യ കൊണ്ടു വരുന്നതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.