1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2023

സ്വന്തം ലേഖകൻ: ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും. ഔദ്യോഗിക പ്രസ്താവനയിൽ ആണ് അഫ്ഗാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. അഗാധമായ ഖേദത്തോടും നിരാശയോടും കൂടിയാണ് എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് അഫ്​ഗാനിസ്ഥാന്റെ പ്രസ്താവന.

ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ല എന്നും അഫ്ഗാനിസ്ഥാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് എംബസി അടച്ചു പൂട്ടാനുള്ള കാരണമായി അഫ്ഗാനിസ്ഥാൻ ചൂണ്ടിക്കാണിക്കുന്നത്. അഫ്ഗാനിസ്ഥാന്റെയും പൗരന്മാരുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് എംബസി സമ്മതിച്ചു. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം ഉദ്യോഗസ്ഥരിലും സംവിധാനങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഇത് അവർക്ക് പ്രവർത്തനം തുടരുന്നത് വെല്ലുവിളിയാണെന്നും അഫ്ഗാൻ എംബസി പറഞ്ഞു.

‘‘ഇന്ത്യയുമായി ദീർഘനാളത്തെ ബന്ധമാണുള്ളത്. വളരെ ആലോചിച്ചാണ് പ്രയാസകരമായ തീരുമാനത്തിലെത്തിയത്. ന്യൂഡൽഹിയിലെ എംബസി പ്രവർത്തനം നിർത്തുന്നുവെന്ന് വളരെ വേദനയോടെയും ദുഃഖത്തോടെയുമാണ് അറിയിക്കുന്നത്. ഇന്ത്യൻ സർക്കാരിന്റെ പിന്തുണ ഇല്ലാത്തതിനാൽ അഫ്ഗാൻ ജനതയുടെ താൽപര്യങ്ങൾ നേടുന്നതിനോ സംരക്ഷിക്കുന്നതിനോ സാധിക്കുന്നില്ല.

അഫ്ഗാനിസ്ഥാനിൽ നിയമാനുസൃതമായ സർക്കാർ ഇല്ലാത്തതും പ്രവർത്തനത്തെ ബാധിക്കുന്നു. നയതന്ത്ര പ്രതിനിധികളുടെ വീസ സമയബന്ധിതമായി പുതുക്കാത്തതും ജീവനക്കാരുടെ നിരാശയും ദൈനംദിന പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലെത്തിച്ചു,’’ എംബസി പത്രകുറിപ്പിൽ പറയുന്നു

നയതന്ത്ര പ്രതിനിധിയുടെ ചുമതല താലിബാൻ തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് അറിയിച്ച് ഇന്ത്യയിലെ അഫ്ഗാൻ ട്രേഡ് കൗൺസിലർ ഖാദിർ ഷാ കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് എംബസിയുടെ പ്രവർത്തനം മന്ദഗതിയിലായത്.

അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ ഇന്ത്യ തയാറായിട്ടില്ല. എല്ലാവരെയും പ്രതിനിധീകരിക്കുന്ന സർക്കാർ രൂപവൽകരിക്കണമെന്നും അഫ്ഗാൻ മണ്ണ് ഭീകരരുടെ താവളമാകരുതെന്നുമാണ് ഇന്ത്യയുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.