സ്വന്തം ലേഖകൻ: പരമ്പരാഗത ചികിത്സയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വീസ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വിദേശ പൗരന്‍മാര്‍ക്ക് ആയുഷ് സംബന്ധമായ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം നല്‍കുന്ന പ്രത്യേക വീസയാണിത്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ആയുഷ് വീസ ലഭിക്കുക. നിലവിലെ വീസ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാണ് പ്രത്യേക ആയുഷ് വീസ ഏര്‍പ്പെടുത്തിയത്.
ഇന്ത്യയിലെ പാരമ്പര്യ ചികിത്സകള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഉപയോഗപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നിരവധി സഞ്ചാരികളാണ് പരമ്പരാഗത ചികിത്സകള്‍ക്കായി എല്ലാ വര്‍ഷവും രാജ്യത്തേക്കെത്തുന്നത്. മെഡിക്കല്‍ ടൂറിസം കൂടുതല്‍ ജനകീയമാകുന്ന സമയത്ത് ഇന്ത്യയെ പരമ്പരാഗത ചികിത്സയുടെ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നേരത്തെ ഈ ലക്ഷ്യത്തോടെ ‘ഹീല്‍ ഇന്‍ ഇന്ത്യ’ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും ആയുഷ് മന്ത്രാലയം ആരംഭിച്ചിരുന്നു.
ആയുഷ് വീസ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വര്‍ഷം മുഴുവനും മിതമായ കാലാവസ്ഥ, ലോകോത്തര സൗകര്യങ്ങളുള്ള ആയുര്‍വേദ ആശുപത്രികള്‍, പ്രകൃതിചികിത്സ കേന്ദ്രങ്ങള്‍, പരമ്പരാഗത വൈദ്യന്‍മാര്‍ തുടങ്ങിയവയാല്‍ സംസ്ഥാനം പരമ്പരാഗത മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ്. ഒരു വശത്ത് ആയുര്‍വേദം, സിദ്ധ വൈദ്യം പ്രകൃതിചികിത്സ, പഞ്ചകര്‍മ്മ, കളരി തുടങ്ങിയ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളും മറുവശത്ത് ലോകോത്തര നിലവാരമുള്ള ആധുനിക സ്വകാര്യ ഹെല്‍ത്ത് കെയര്‍ സംവിധാനവുമുള്ള കേരളത്തില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വലുതാണ്.
കേരളത്തിന്റെ ആയുര്‍വേദ, സുഖചികിത്സ രീതികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വീകാര്യതയുണ്ട്. ഉഴിച്ചിലിനും മറ്റ് ആയുര്‍വേദ ചികിത്സയ്ക്കും മാത്രമായി നിരവധി വിദേശ സഞ്ചാരികള്‍ എല്ലാ വര്‍ഷവും കേരളത്തിലെത്താറുണ്ട്. ഇവര്‍ക്കെല്ലാം ആയുഷ് വീസ ഉപയോഗപ്പെടുത്താന്‍ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല