സ്വന്തം ലേഖകന്‍: രാജ്യാന്തര അതിര്‍ത്തി കടന്ന് നടത്തിയ മ്യാന്‍മര്‍ ഭീകരവേട്ടക്കു ശേഷം ഇന്ത്യന്‍ സൈന്യം ബംഗ്ലദേശിനെ നോട്ടമിടുന്നതായി സൂചന. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് തമ്പടിച്ചിട്ടുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികളെ പുകച്ച് പുറത്തുചാടിക്കുകയെന്നതാണ് ലക്ഷ്യം.
നേരത്തെ ബംഗ്ലദേശിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്ന തീവ്രവാദികളെ കുറിച്ച് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ബംഗ്ലാദേശിന് വിവരങ്ങള്‍ കൈമാറിയിരുന്നു. തുടര്‍ന്ന് അവരെ തുരത്താനുള്ള നടപടികള്‍ ബംഗ്ലദേശ് അധികൃതര്‍ ആരംഭിച്ചതായി ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ബംഗ്ലദേശില്‍ തമ്പടിച്ചിരിക്കുന്ന തീവ്രവാദികളെക്കുറിച്ച് ബിഎസ്എഫ് സമയാസമയം വിവരങ്ങള്‍ കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ അവരെ തുരത്തുന്നതിനുള്ള നടപടികള്‍ ബംഗ്ലദേശ് അതിര്‍ത്തി രക്ഷാ സേന സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിപ്പു ലഭിച്ചതായി മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും അതിര്‍ത്തി രക്ഷാ സേനകള്‍ അടുത്തിടെ നടത്തിയ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭിച്ചതെന്നും അദേഹം വ്യക്തമാക്കി.
നേരത്തെ, ബംഗ്ലദേശിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ തുരത്തുന്നതിന് ബിഎസ്എഫ് ബംഗ്ലദേശിന്റെ സഹായം തേടിയിരുന്നു. ബംഗ്ലദേശില്‍ പ്രവര്‍ത്തിക്കുന്ന 39 ല്‍ അധികം തീവ്രവാദ ക്യാമ്പുകളെക്കുറിച്ച് ബംഗ്ലദേശിന് വിവരങ്ങള്‍ കൈമാറുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല