സ്വന്തം ലേഖകന്‍: ഇന്ത്യയും ബംഗ്ലദേശം തര്‍ക്ക പ്രദേശങ്ങള്‍ പരസ്പരം കൈമാറി. ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും അതിര്‍ത്തിക്കുള്ളില്‍ കയറിക്കിടന്ന ഭൂപ്രദേശങ്ങളും ജനവാസമേഖലകളുമാണ് കൈമാറിയത്. ഇതോടെ 1947 ല്‍ തുടങ്ങിയ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അവസാനമാകുകയാണ്.
ഒപ്പം അമ്പതിനായിരത്തോളം പേരുടെ മാതൃരാജ്യമെന്ന സ്വപ്നവും സഫലാമയി. ആകെ 17,160 ഏക്കറാണ് ഇന്ത്യ ബംഗ്ലദേശിന് കൈമാറിയത്. 7110 ഏക്കര്‍ ബംഗ്ലദേശ് ഇന്ത്യയ്ക്കു വിട്ടുനല്‍കി. ഈ മേഖലയില്‍ ജനിച്ചു ജീവിച്ച 14,000 പേര്‍ക്ക് പുതുതായി ഇന്ത്യന്‍ പൗരത്വവും ഭൂമിയുടെ രേഖകളും ലഭിച്ചു. ബംഗ്ലദേശ് അതിര്‍ത്തിക്കുള്ളില്‍ ജീവിച്ച 36,000 പേര്‍ക്ക് ആ രാജ്യം പൗരത്വം നല്‍കി. ബാക്കി ആയിരത്തോളം പേരുടെ കാര്യത്തിലും വൈകാതെ തീര്‍പ്പുണ്ടാകും.
അതിര്‍ത്തി തര്‍ക്കം തീര്‍ക്കാന്‍ 1974 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് മുജീബുര്‍ റഹ്മാനുമായി കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ പിറ്റേവര്‍ഷം മുജീബ് വധിക്കപ്പെട്ടതോടെ ഇതു പ്രാവര്‍ത്തികമായില്ല.
പതിറ്റാണ്ടുകള്‍ക്കുശേഷം ഡോ. മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരാണ് മുജീബിന്റെ പുത്രിയും ഇന്ത്യയോട് സൗഹൃദ മനോഭാവമുള്ള ബംഗ്ലദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്.
തുടര്‍ന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാരും തുടര്‍നടപടികളുമായി മുന്നോട്ടുപോയി. മോദി ജൂണില്‍ ബംഗ്ലദേശ് സന്ദര്‍ശിച്ചപ്പോള്‍ ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് ഭൂമികൈമാറ്റ നടപടികള്‍ വേഗത്തിലാക്കുകയായിരുനു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല