സ്വന്തം ലേഖകൻ: കാനഡയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയതിനു പിന്നാലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. ഇദ്ദേഹത്തോട് അഞ്ചുദിവസത്തിനകം ഇന്ത്യ വിട്ടുപോകാനും ആവശ്യപ്പെട്ടു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഇന്ത്യ തള്ളിയതിനു പിന്നാലെയാണ് നടപടി.
നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാര്യം കാനഡയിലെ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. അടുത്ത അഞ്ചുദിവസത്തിനുള്ളില്‍ ഇദ്ദേഹത്തോട് ഇന്ത്യ വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കനേഡിയന്‍ നയതന്ത്രപ്രതിനിധികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതും രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടിയെന്നും പ്രസ്താവനയിലുണ്ട്.
കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതായി കനേഡിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യയുടെ മറുപടി വന്നത്. ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ഈ ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.
2023 ജൂണ്‍ 18-നായിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റു മരിക്കുന്നത്. ബൈക്കിലെത്തിയ അജ്ഞാതര്‍ ഇയാളെ വെടിവെച്ച് വിഴ്ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല