1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2023

സ്വന്തം ലേഖകൻ: 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കാന്‍ ഇന്ത്യ നിര്‍ദേശിച്ച സാഹചര്യത്തില്‍ ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ കോണ്‍സുലേറ്റുകളിലെ വീസ സേവനങ്ങൾ നിര്‍ത്തിവെച്ചതായി കാനഡ. ഇതോടെ കാനഡയിലേക്കുള്ള പതിനായിരക്കണക്കിന് വീസ അപേക്ഷകളുടെ നടപടികള്‍ ഇനിയും നീളും.

ഇന്ത്യ അന്താരാഷ്ട്ര ചട്ടം ലംഘിച്ചെന്ന കാനഡയുടെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. കനേഡിയന്‍ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ നേരത്തെ നിര്‍ത്തിവെച്ചെങ്കിലും ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകൾ പരിഗണിക്കുന്നത് കാനഡ തുടര്‍ന്നു.

ഇന്ത്യയിലെ മൂന്നു കോണ്‍സുലേറ്റുകളിലെ വീസ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചെങ്കിലും ഡല്‍ഹിയിലെ ഹൈക്കമ്മീഷന്‍ വഴി നല്‍കുന്ന സേവനങ്ങള്‍ തല്‍ക്കാലം തുടരുമെന്ന് കാനഡ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിർദേശത്തിന് പിന്നാലെ 41 കനേഡിയന്‍ നയതന്ത്ര പ്രതിനിധികള്‍ വ്യാഴാഴ്ച മടങ്ങിയിരുന്നു.

കാനഡയിലുള്ള ഇന്ത്യന്‍ പ്രതിനിധികളുടെ എണ്ണം ഇന്ത്യയിലുള്ള കനേഡിയന്‍ പ്രതിനിധികളേയക്കാള്‍ കുറവാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് നയതന്ത്ര പ്രതിനിധികളെ പിൻവലിക്കാനുള്ള നിർദേശമുയർന്നത്.

ഇന്ത്യയുടെ ഈ നിര്‍ദേശം അന്താരാഷ്ട്ര നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലനി ജോളി ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.