സ്വന്തം ലേഖകൻ: വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചു.
നേരത്തെ രാജസ്ഥാനിലെ ജയ്പൂരിൽ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും നാഷണല്‍ പാര്‍ക്കിലേക്ക് തുറന്നുവിട്ടത്.
അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്‍മാരാണ്. ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ചീറ്റപ്പുലികളെത്തിയത്.
1952-ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച ജീവിവര്‍ഗമാണ് ചീറ്റപ്പുലികള്‍. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് ദശാബ്ദങ്ങള്‍ക്കിപ്പുറം ചീറ്റകളെ വീണ്ടും എത്തിച്ചത്. ഇവയുടെ സഞ്ചാരപഥം മനസ്സിലാക്കാന്‍ ജിപിഎസ് സംവിധാനമുള്ള റോഡിയോ കോളറുകള്‍ ചീറ്റകളുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങള്‍ക്കായിരിക്കും.
പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനാണിത്. ചീറ്റകള്‍ക്ക് മറ്റ് രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്താനും ഈ കാലഘട്ടം സഹായിക്കും. സൂക്ഷ്മമായ നിരീക്ഷണത്തിന് പിന്നാലെ ആറ് ചതുരശ്ര കിലോ മീറ്ററിനുള്ളിലേക്ക് ഇവയെ വിടും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം എട്ട് മുതല്‍ 10 വരെ ചീറ്റകളെ എത്തിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
“ചീറ്റകള്‍ക്ക് വേട്ടയാടാൻ കഴിയുന്ന ഈ വലിയ ചുറ്റുപാടില്‍, അവരുടെ ആരോഗ്യം മാത്രമല്ല കുനൊയിലെ വേട്ടയാടൽ, ഭക്ഷണം, വിസർജ്ജനം തുടങ്ങിയവയുമായി അവ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ഇത് തൃപ്തികരമാണെന്ന് കണ്ടെത്തിയാൽ, 740 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കുനോ ദേശീയ ഉദ്യാനത്തിലേക്ക് അവരെ വിട്ടയക്കും,” ദേശീയ കടുവ സംരക്ഷണ അതോറിറ്റി മെമ്പർ സെക്രട്ടറി എസ് പി യാദവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല