സ്വന്തം ലേഖകന്‍: ദൊക് ലാ പ്രശ്‌നത്തില്‍ ചൈന ഇടഞ്ഞു തന്നെ, പരിഹാരം ഇന്ത്യന്‍ സൈന്യത്തിന്റെ പിന്മാറ്റം മാത്രമെന്ന് പ്രഖ്യാപനം.പ്രശ്‌ന പരിഹാരത്തിന് അനുകൂലമായ നീക്കം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞതിനു മറുപടിയായാണ് ചൈനയുടെ പുതിയ പ്രതികരണം.
ദോക് ലാ പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗം അതിര്‍ത്തിയില്‍നിന്ന് ഇന്ത്യ ഉപാധികളില്ലാതെ സൈന്യത്തെ പിന്‍വലിക്കുക എന്നതു മാത്രമാണെന്ന നിലപാട് ചൈന ആവര്‍ത്തിച്ചു. ഡല്‍ഹിയില്‍ ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്.
എന്നാല്‍, അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു കാരണം ഇന്ത്യയാണെന്ന നിലപാട് ആവര്‍ത്തിച്ചാണ് ഇതിന് ചൈന മറുപടി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം നിയമവിരുദ്ധമായി അതിര്‍ത്തി ലംഘിച്ചിരിക്കുകയാണെന്ന ആക്ഷേപവും ചൈന ആവര്‍ത്തിച്ചു. ദോക് ലാമില്‍ റോഡു നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമം തടസപ്പെടുത്തിയ ഇന്ത്യയുടെ നടപടിയെയും ചൈനീസ് വിദേശകാര്യ വക്താവ് ഹ്വാ ചുനിയിങ് വിമര്‍ശിച്ചു.
ദോക്‌ലാ മേഖലയില്‍ ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ ഒന്നര മാസത്തിലേറെയായി മുഖാമുഖം നില്‍ക്കുന്ന സാഹചര്യത്തിലാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയും അതിനോടുള്ള ചൈനയുടെ പ്രതികരണവും എത്തിയിരിക്കുന്നത്. ഡോക്ലാമില്‍ ചൈന റോഡ് നിര്‍മിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന വാദം പരിഹാസ്യവും ദുഷ്ടത നിറഞ്ഞതുമാണെന്നും ചൈനീസ് വിദേശമന്ത്രാലയം അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല