സ്വന്തം ലേഖകന്‍: ധോക്‌ലാം അതിര്‍ത്തി പ്രശ്‌നത്തില്‍ ക്ഷമയ്ക്കും പരിധിയുണ്ടെന്ന് ചൈന, മികച്ച ഉഭയകക്ഷി ബന്ധത്തിന് ആവശ്യം ശാന്തിയും സമാധാനവുമെന്ന് ഇന്ത്യ. സൈന്യത്തെ പിന്‍വലിക്കമെന്ന ചൈനയുടെ ആവശ്യം ഇന്ത്യ തള്ളിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ധോക്‌ലാമില്‍ ഞങ്ങള്‍ അങ്ങേയറ്റത്തെ ക്ഷമയാണ് കാണിക്കുന്നത്. എന്നാല്‍ അതിന് പരിധിയുണ്ടെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം പറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ഫലിച്ചില്ല. സമാധാനത്തിനാണ് തങ്ങളുടെ സൈന്യവും ശ്രമിക്കുന്നത്. ചൈന പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ രാജ്യങ്ങള്‍ തമ്മില്‍ ശാന്തിയും സമാധാനവും വേണമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
ജൂണ്‍ 16 മുതല്‍ ഡോക്‌ളാമിലെ ട്രൈ ജംഗ്ഷനില്‍ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു മാസമായി സഘര്‍ഷഭരിതമാണ് ഈ മേഖല. 400 പേര്‍ അടങ്ങുന്ന ഒരു ട്രൂപ്പ് സൈന്യത്തെയാണ് ഇന്ത്യ ഇവിടെ നിര്‍ത്തിയിരക്കുന്നത്. രണ്ടു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറായെങ്കിലേ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങൂ എന്ന് നേരത്തേ വിദേശകാര്യമന്ത്രി സുഷമായ സ്വരാജ് വ്യക്തമാക്കിയിരുന്നു.
ഡൊക്‌ളാമിലെ ട്രൈ ജംഗ്ഷനില്‍ ചൈന റോഡ് നിര്‍മ്മാണം തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വന്‍ ഭാരമുള്ള ടാങ്കുകള്‍ പോലെയുള്ള യുദ്ധ സാമഗ്രികള്‍ എളുപ്പം കൊണ്ടുപോകാവുന്ന തരത്തിലുള്ള പാതയാണ് ഇവിടെ ചൈന നിര്‍മ്മിക്കുന്നത്. ഇതാകട്ടെ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കനത്ത ഭീഷണി ഉയര്‍ത്തുന്നതാണ്. അതേസമയം ചൈനീസ് പട്ടാളത്തിന്റെ രാജ്യ സുരക്ഷേയയും പരമാധികാരത്തെയും വികസന താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാന്‍ ചൈനീസ് പട്ടാളം ബാദ്ധ്യസ്ഥരാണെന്നാണ് ചൈനയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല