സ്വന്തം ലേഖകൻ: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ, ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ച നാളെ. ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ചർച്ച നടത്തുക. താഴെ റാങ്കിലുള്ള കമാൻഡർമാർ ചർച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് നാളെ ചർച്ച നടക്കുന്നത്. ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് ലഫ്. ജനറൽ ഹരീന്ദർ സിങ് ആയിരിക്കും പങ്കെടുക്കുക എന്നാണ് സൂചന.
ചർച്ചക്കു മുന്നോടിയായി, ഇന്ത്യ അമേരിക്കക്ക് വഴങ്ങരുതെന്ന മുന്നറിയിപ്പുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം ‘ഗ്ലോബൽ ടൈംസ്’ രംഗത്തെത്തി. അതിർത്തിയിലെ പ്രശ്‌നങ്ങളെ ചൈനീസ് അതിക്രമമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ നിലപാടായിരിക്കരുത് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെന്നും മധ്യസ്ഥ ഇടപെടൽ നടത്താമെന്ന അമേരിക്കയുടെ വാഗ്ദാനം മുഖവിലക്കെടുക്കരുതെന്നും പത്രം എഡിറ്റോറിയൽ എഴുതി.
ഇന്ത്യയുമായി നല്ല അയൽബന്ധത്തിനാണ് ചൈനക്ക് താൽപര്യമെന്നും അതിർത്തി പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പത്രം പറയുന്നു. മുൻവർഷങ്ങളിലും അതിർത്തിയിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുകയാണുണ്ടായത്. ഇന്ത്യയെ ശത്രുവാക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നും പത്രം പറയുന്നു.
അതേസമയം, അതിർത്തി സംബന്ധിച്ച് ശക്തമായ ഭാഷയിലാണ് പത്രം സംസാരിക്കുന്നത്.
”തങ്ങളുടെ പ്രദേശത്തിൽ നിന്ന് ഒരിഞ്ചുപോലും ചൈന വിട്ടുതരില്ല. ഇന്ത്യ നയതന്ത്ര വീഴ്ചവരുത്തുകയും ചൈനയുടെ പ്രദേശം പിടിച്ചെടുക്കുകയും ചെയ്യുകയാണെങ്കിൽ അതിന് വലിയ വില നൽകേണ്ടിവരും. ശക്തമായ തിരിച്ചടി നൽകാൻ ചൈന ബാധ്യസ്ഥരാവും. അതിർത്തിയിൽ ഒരു സൈനിക ഏറ്റുമുട്ടലുണ്ടായാൽ ആനുകൂല്യം ചൈനക്കായിരിക്കുമെന്ന കാര്യത്തിൽ ഇന്ത്യക്ക് സംശയമുണ്ടാകില്ലെന്നാണ് ഞങ്ങൾ കരുതുന്നത്,” ലേഖനത്തിൽ പറയുന്നു.
അതിനിടെ യുഎസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കു മുൻപ് ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന രംഗത്ത്. ചൈനയ്ക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കഴിഞ്ഞ ദിവസം നിര്‍ണ്ണായക ചര്‍ച്ച നടന്നിരുന്നു.ചര്‍ച്ചയില്‍ ജി-7 ച്ചകോടിയിലേക്ക് മോദിയെ ട്രംപ് സ്വാഗതം ചെയ്തിരുന്നു.
2020 ജൂണില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ജി- 7 ഉച്ചകോടി കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ വരെ നീട്ടിവച്ചിരുന്നു. ഇതിനിടെയാണ് G-7 വിപുലീകരിക്കാന്‍ ട്രംപ് മുന്നിട്ടിറങ്ങിയത്. ഒരിക്കല്‍ പുറത്തുപോയ റഷ്യയെ വീണ്ടും ഒപ്പം ചേര്‍ക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല