സ്വന്തം ലേഖകന്‍: സിക്കിമിനു പുറമേ ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ ബാരാഹോട്ടിയില്‍ ചൈനീസ് പട്ടാളം കടന്നുകയറിയതായി റിപ്പോര്‍ട്ട്. സിക്കിമിനോട് ചേര്‍ന്ന ഡോക്‌ലാമില്‍ ഇന്ത്യചൈന സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ചൈനീസ് പട്ടാളത്തിന്റെ പുതിയ അതിര്‍ത്തി ലംഘനം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈനീസ് സന്ദര്‍ശനത്തിന് രണ്ടുദിവസം മുമ്പാണ് അമ്പതോളം ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചത്.
രണ്ടു മണിക്കൂറോളം ബാരാഹോട്ടിയില്‍ തങ്ങിയ സൈനികര്‍ കാലികളെ മേയ്ക്കുകയായിരുന്ന തദ്ദേശ വാസികളോട് സ്ഥലംവിടാന്‍ നിര്‍ദേശിച്ചതിനു ശേഷം തിരിച്ചു പോവുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലാണ് ബാരാഹോട്ടി. കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഇതുപോലെ ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
യഥാര്‍ഥ നിയന്ത്രണ രേഖയുടെ കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും വ്യത്യസ്തനിലപാടുള്ള ഭാഗമാണിത്. രണ്ടു രാജ്യങ്ങളും തമ്മില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ചൈനയില്‍ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ചകള്‍ക്കു ശേഷം അജിത് ഡോവല്‍ വിശദീകരിച്ചത്. ഇന്ത്യ, ചൈന, ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ഡോക്‌ലാം ഭാഗത്തെ ചൈനീസ് കടന്നു കയറ്റത്തെ ഇന്ത്യന്‍ സൈനികര്‍ പ്രതിരോധിച്ച് നില്‍ക്കുന്ന സ്ഥിതി ആഴ്ചകളായി തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല