സ്വന്തം ലേഖകന്‍: ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ജപ്പാന്‍. നിലവിലെ സാഹചര്യത്തില്‍ ഒരു രാജ്യവും ബല പ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം ചെയ്യരുതെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചാണ് ജപ്പാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന ഭൂട്ടാന്റെ പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് നീക്കത്തെ എതിര്‍ക്കുന്ന ഇന്ത്യന്‍ നിലപാടിന് അനുകൂലമായാണ് ജപ്പാന്‍ പ്രതികരിച്ചത്.
ജപ്പാന്‍ അംബാസിഡര്‍ കെന്‍ജി ഹിരാമാട്‌സുവാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് അനുകൂല നിലപാട് അറിയിച്ചത്. ദോക് ലാമില്‍ ഇന്ത്യ കരാര്‍ അനുസരിച്ചാണ് ഇടപെടല്‍ നടത്തുന്നതെന്നും ജപ്പാന്‍ വ്യക്തമാക്കി. ദോക് ലാം വിഷയത്തില്‍ ആദ്യമായാണ് പ്രധാന രാജ്യം ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. അടുത്തമാസം ജപ്പാനീക് പ്രധാനമന്ത്രി ഷിന്‍സോ ആബേ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഇന്ത്യയ്ക്ക് അനുകൂല നിലപാട് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ദോക് ലാം വിഷയത്തില്‍ ജപ്പാന് ഇന്ത്യയെ പിന്തുണയ്ക്കാമെങ്കിലും തോന്നും പോലെ പ്രസ്താവനകള്‍ നടത്തരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പ്രതികരിച്ചു. ദൊക്ക് ലാമില്‍ സൈനിക ശക്തി പ്രയോഗിക്കുന്നത് ചൈനയല്ല ഇന്ത്യയാണെന്നും ഹുവ ആരോപിച്ചു. പ്രശ്‌നത്തിന് നയതന്ത്ര മാര്‍ഗങ്ങളിലൂടെ പരിഹാരം കാണാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല