സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന നിലപാട് കടുപ്പിച്ച് ചൈന, സംഘര്‍ഷം പുകയുമ്പോള്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്. സിക്കിമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം മുഖാമുഖം നില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ നയതന്ത്രവഴികളില്‍ തടസങ്ങളില്ലെന്നു ചൈന. എന്നാല്‍, ഡോക ലാമില്‍നിന്ന് ഇന്ത്യന്‍ സേന പിന്‍മാറുക എന്നതാണ് അര്‍ഥപൂര്‍ണമായ ഏതൊരു ചര്‍ച്ചയ്ക്കും മുന്പുള്ള ഏക നിബന്ധന എന്ന നിലപാട് അവര്‍ ആവര്‍ത്തിച്ചു.
പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും നയതന്ത്രപ്രതിനിധികള്‍ ചര്‍ച്ച തുടരുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് പ്രതികരിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്‌നംപരിഹരിക്കാമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജും പറഞ്ഞു. ഇന്ത്യ ചര്‍ച്ചയ്ക്കു തയാറാണ്. എന്നാല്‍, സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തയാറാവുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നു രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ അവര്‍ പറഞ്ഞു.
അതിനിടെ സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്. ഈ മാസം 27, 28 തീയതികളില്‍ ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തില്‍ ഡോവല്‍ പങ്കെടുക്കും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. സിക്കിം മേഖലയില്‍ ഇന്ത്യയും ചൈനയും 220 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണു പങ്കിടുന്നത്. ഈ മേഖലയില്‍ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാകാത്തതാണ് തര്‍ക്കങ്ങളുടെ മൂല കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല