1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2017

സ്വന്തം ലേഖകന്‍: ഭൂട്ടാനില്‍ ഇന്ത്യ ഇടപെട്ടാന്‍ കശ്മീരില്‍ തങ്ങളും ഇടപെടും, ഭീഷണിയുമായി വീണ്ടും ചൈന. ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍ ചൈനീസ് സൈന്യത്തിന് കശ്മീരിലും പ്രവേശിക്കിക്കുന്നതില്‍ തെറ്റില്ലെന്ന വാദവുമായി ചൈനീസ് വിദഗ്ദ്ധര്‍ രംഗത്തെത്തി. സിക്കിം ടിബറ്റും ഭൂട്ടാനുമായി അതിര്‍ത്തി പങ്കു വെയ്ക്കുന്ന തര്‍ക്ക മേഖലയായ ദൊക്‌ളാമില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിന് എതിരെയാണ് ചൈന വിമര്‍ശനവുമായി രംഗത്തെത്തിയത്.

ചൈന ഇവിടെ റോഡ് നിര്‍മ്മിക്കുന്നതിനെ ഇന്ത്യ രൂക്ഷമായി എതിര്‍ത്തിരുന്നു. ഭൂട്ടാന്റെ അധികാര പരിധിയിലുള്ള ഈ മേഖലയെ പ്രതിരോധിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊരു തര്‍ക്ക മേഖലയല്ല. ഇന്ത്യയുടെ ന്യായം അനുസരിച്ചാണെങ്കില്‍ പാക് സര്‍ക്കാരിന്റെ അപേക്ഷ മാനിച്ച് ഒരു മൂന്നാം രാജ്യത്തിന്റെ സൈന്യം ഇന്ത്യന്‍ അധീന കശ്മീരില്‍ പ്രവേശിക്കുന്നത് ശരിയാണോ എന്ന് ചൈനയിലെ വെസ്റ്റ് നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റഡീസിലെ ഡയറക്ടര്‍ ലോംഗ് സിംഗ് ചുന്‍ ചോദിക്കുന്നു.

അതേസമയം ചൈന റോഡുകളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നത് ഇന്ത്യയും പാകിസ്താനും അവകാശവാദം ഉന്നയിക്കുന്ന പാക് അധിനിവേശ കശ്മീരില്‍ ആണെന്ന കാര്യം ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ദോക്‌ളാം തര്‍ക്കത്തില്‍ ഒട്ടേറെ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും അതൊന്നും ചൈനയെ ഭയപ്പെടുത്തുന്നില്ലെന്നും ഗ്‌ളോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

2015 ല്‍ നേപ്പാളിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഉള്‍പ്പെടെ ഇന്ത്യ ദക്ഷിണേഷ്യയിലെ ചെറിയ രാജ്യങ്ങളുടെ മേല്‍ കാട്ടുന്ന അധീശത്വത്തെക്കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളും മാധ്യമങ്ങളും മിണ്ടാതിരിക്കുകയാണ്. എന്നാല്‍ ചൈനയുടെ നിലപാട് ഇതിനകം യുഎന്‍ സുരക്ഷാ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ചൈനയുടെ ഭീഷണി വകവെക്കാതെ ചൈന, ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക് ലാമില്‍ നിലയുറപ്പിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം. ഇവിടെ നിന്ന് പിന്‍വാങ്ങണമെന്ന ചൈനയുടെ ഭീഷണി വകവെയ്ക്കാതെ ദീര്‍ഘ നാളത്തേയ്ക്ക് തങ്ങാനായി സമുദ്ര നിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലുള്ള ഈ പ്രദേശത്ത് കൂടാരങ്ങള്‍ കെട്ടിത്തുടങ്ങി. സൈനികര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങളും ഒരുക്കിയതായി ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.