സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും ചൈനയുടെ ശക്തി പ്രകടനം, യുഎസും ജപ്പാനുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തി ചുട്ട മറുപടി നല്‍കാന്‍ ഇന്ത്യ. സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ യുദ്ധ സന്നദ്ധരായി മുഖാമുഖം നില്‍ക്കുമ്പോള്‍ യുഎസും ജപ്പാനുമായി ചേര്‍ന്ന് ഇന്ത്യ ബംഗളാള്‍ ഉള്‍ക്കടലില്‍ വന്‍ നാവിക സേനാഭ്യാസത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
ജൂലൈ 10 നാണ് ഈ ത്രിരാഷ്ട്ര സൈനീക സംയുക്താഭ്യാസം. 15 യുദ്ധക്കപ്പലുകളും രണ്ടു അന്തര്‍വാഹിനികളും ഏതാനും യുദ്ധവിമാനങ്ങളും വ്യോമ, ഹെലികോപ്റ്റര്‍ നിരീക്ഷണവും സൈനികാഭ്യാസത്തിന്റെ ഭാഗമായിരിക്കും. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടേയും അന്തര്‍വാഹിനികളുടേയും അസാധാരണ സാന്നിദ്ധ്യം ഇന്ത്യന്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇത് ഇന്ത്യയ്ക്ക് കാര്യമായ ഭീഷണി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ത്രിരാഷ്ട്ര സൈനികാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് സൂചന.
ഇന്ത്യയും ചൈനയും ഒരു യുദ്ധമുഖത്താണെന്നുള്ള തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിയറ്റ്‌നാം വിദേശകാര്യ, ഉപപ്രധാനമന്ത്രി ഫാം ബിന്‍ മിന്നുമായി സൈനിക സഹകരണത്തിന് ഒപ്പുവെച്ചിരുന്നു. ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നിവയുമായി സ്ഥിരതയാര്‍ന്ന സൈനിക കരാറില്‍ എത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മലബാര്‍ സൈനികാഭ്യാസത്തിനായി ഇന്ത്യ ഏഴ് യുദ്ധക്കപ്പല്‍, 44,570 ടണ്‍ വിമാനം താങ്ങാവുന്ന ഐഎന്‍എസ് വിക്രമാദിത്യ ഉള്‍പ്പെടെയുള്ള അന്തര്‍വാഹിനികള്‍ എന്നിവയുടെയെല്ലാം കരുത്ത് ഇന്ത്യ പ്രദര്‍ശിപ്പിക്കും. 2013 നവംബറില്‍ കമ്മീഷന്‍ ചെയ്ത ശേഷം ഇതാദ്യമായി പൂര്‍ണ്ണസജ്ജമായ മിഗ് 29 കെയും പ്രദര്‍ശിപ്പിക്കും. അമേരിക്ക ഒരു ലക്ഷം ടണ്‍ വരെ വഹിക്കാന്‍ ശേഷിയുള്ള യുഎസ്എസ് നിമിറ്റ്‌സ്, എഫ്/എ 18 ഫൈറ്റേഴ്‌സിന്റെ ഒരു ആണവ വിമാനവും ഉണ്ടാകും.
ജപ്പാന്റെ 27,000 ടണ്‍ ശേഷിയുള്ള ഹെലികോപ്റ്റര്‍ ഇസൂമോയും ഏതാനും യുദ്ധക്കപ്പലും പത്തു ദിവസം നടക്കുന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കും. അന്തര്‍വാഹിനി വിരുദ്ധ സംവിധാനമുള്ള ഒമ്പത് ഹെലികോപ്റ്ററുകള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലുകളാണ് ജപ്പാന്‍ കൊണ്ടുവരുന്നത്. അമേരിക്കയില്‍ നിന്നും 3.2 ബില്യണ്‍ ഡോളര്‍ മുടക്കി 12 പി81 എട്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ നാവികസേന കരാര്‍ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല