സ്വന്തം ലേഖകന്‍: ചൈനയുടെ ഭൂമി തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ല, ഇന്ത്യയ്‌ക്കെതിരെ ഒളിയമ്പെയ്ത് ചൈനീസ് പ്രസിഡന്റ്. ഡോക ലാ അതിര്‍ത്തിയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങള്‍ക്ക് പേരു പരാമര്‍ശിക്കാതെ പരോക്ഷ മുന്നറിയിപ്പു നല്കിയത്. ചൈന ഒരിക്കലും അങ്ങോട്ടുകയറി ആക്രമിക്കില്ലെന്നും എന്നാല്‍ തങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിന്‍പിംഗ് പറഞ്ഞു.
ഇത്തരം പ്രവര്‍ത്തികളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ശേഷി ചൈനീസ് പട്ടാളത്തിനുണ്ടെന്നും ഓര്‍മിപ്പിച്ചു. ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) സ്ഥാപിക്കപ്പെട്ടതിന്റെ 90 മത് വാര്‍ഷികാഘോഷത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ലി കെചിയാംഗും ഉന്നത സൈനിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഡോകലാ വിഷയം പരാമര്‍ശിക്കാതെയായിരുന്നു ചിന്‍പിംഗിന്റെ മുന്നറിയിപ്പ്.
ചൈനക്കാര്‍ സമാധാനം ആഗ്രഹിക്കുന്നു. ആക്രമിക്കാനോ, ഭൂമി പിടിച്ചെടുക്കാനോ ഞങ്ങളൊരിക്കലും ശ്രമിക്കില്ല. എന്നാല്‍, ഏതെങ്കിലും ആള്‍ക്കാരോ, സംഘടനയോ, രാഷ്ട്രീയ പ്രസ്ഥാനമോ ചൈനയുടെ ഭൂമി മുറിച്ചുമാറ്റാന്‍ അനുവദിക്കില്ല. എല്ലാത്തരം ആക്രമണങ്ങളെയും ചെറുത്തു തോല്‍പ്പിക്കാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട് ചിന്‍പിംഗ് വ്യക്തമാക്കി. ജൂലൈ 30 നു നടന്ന പിഎല്‍എയുടെ പടുകൂറ്റന്‍ പരേഡിനെ അഭിസംബോധന ചെയ്തപ്പോഴും ചിന്‍പിംഗ് ഇക്കാര്യം പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല