സ്വന്തം ലേഖകന്‍: ചൈനീസ് സേന നുഴഞ്ഞു കയറാതിരിക്കാന്‍ അതിര്‍ത്തിയില്‍ അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യ. ഇന്തോ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ അന്തിമ അനുമതി നല്‍കി. ലഡാക് സെക്റ്ററിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍എസി) ഭാഗങ്ങളിലാണ് സംവിധാനങ്ങള്‍ ഒരുക്കുക.
നേരത്തെ സ്ഥാപിച്ച സര്‍വൈവലന്‍സ് സംവിധാനം ഇടക്കിടെ പണിമുടക്കുന്നതിനാല്‍ പുതിയ ഉപകരണങ്ങളിലേക്ക് മാറണമെന്നു സേനകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്ത് ചൈന കെട്ടിയ കുടില്‍ ഇന്ത്യന്‍ സൈനികര്‍ തകര്‍ത്തിരുന്നു. കുടിലിനു മുകളില്‍ സൗരോര്‍ജ പാനലും ഇതിനാല്‍ പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറയും സേന പിടിച്ചെടുത്തു. ലഡാക്കിലെ ബുര്‍ട്‌സെ മേഖലയിലാണു ചൈനയുടെ കടന്നു കയറ്റമുണ്ടായത്.
ഭാവിയില്‍ ഇത്തരം കടന്നു കയറ്റങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും ആധുനിക നിരീക്ഷണ സംവിധാനങ്ങളിലേക്ക് മാറുന്നത്.
നിലവില്‍ ഇന്ത്യന്‍ കരസേനയും ഇന്തോടിബറ്റെന്‍ ബോര്‍ഡര്‍ പോലീസും (ഐടിബിപി) സംയുക്തമായിട്ടാണ് അതിര്‍ത്തിയില്‍ സുരക്ഷ ഒരുക്കുന്നത്. ഉന്നത പര്‍വ്വത നിരകളോടു കൂടിയ ലഡാക് സെക്റ്റര്‍ അതീവ അപകട മേഖലയാണ്. ഇവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ ഗതാഗത സംവിധാനങ്ങളില്ല.
ഇതിനാലാണ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിസിടിവി ക്യാമറകള്‍ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നത്. ഇതുമൂലം ചൈനീസ് സേനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും അതിക്രമിച്ചു കടക്കുന്നതു തടയാനാകുമെന്നും കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല