സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെയും രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കൊരുങ്ങി ചെന്നൈ നഗരം. നാലു വ്യത്യസ്ത യോഗങ്ങളിലായി ചുരുങ്ങിയത് അഞ്ച് മണിക്കൂറിലധികം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈയിൽ എത്തുന്ന ഷി, 24 മണിക്കൂറോളം അവിടെ ചെലവഴിച്ചു പിറ്റേന്നാണു തിരിച്ചു പോവുക.
ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷം ലഘൂകരിച്ച് ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണു കൂടിക്കാഴ്ച. സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി മാമല്ലപുരത്തെ മൂന്നു പൈതൃക സ്മാരകങ്ങൾ ഇരുനേതാക്കളും സന്ദർശിക്കുന്നതോടെ ഉച്ചകോടിക്കു തുടക്കമാവും. ഇതുൾപ്പെടെ ഏഴു മണിക്കൂർ നേരം മോദിയും ഷിയും ഒരുമിച്ചുണ്ടാകും. ചൈനീസ് പ്രസിഡന്റിനായി മോദി അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10ന് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്യാനത്തിൽ 40 മിനിറ്റോളം നീളുന്ന സൗഹൃദ സംഭാഷണം. രാവിലത്തെ കൂടിക്കാഴ്ച അവസാനിച്ചാൽ ഉദ്യോഗസ്ഥ സംഘം ഉൾപ്പെടുന്ന ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. അതേ റിസോർട്ടിൽ ഉച്ചവിരുന്നിലും രണ്ടു രാഷ്ട്ര നേതാക്കളും പങ്കെടുക്കും. രണ്ടു രാജ്യങ്ങളുടെയും ബന്ധത്തെക്കുറിച്ചും കശ്മീർ, ഭീകരത ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ചയുണ്ടാകുമെന്നാണു നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല