സ്വന്തം ലേഖകന്‍: ടിബറ്റില്‍ വന്‍ സൈനിക പരിശീലനവുമായി ചൈന, ജി 20 ഉച്ചകോടിക്കിടെ നടക്കാനിരുന്ന മോദി ജിന്‍പിങ് കൂടിക്കാഴ്ച റദ്ദാക്കിയതായി പ്രഖ്യാപനം, ചൈന റദ്ദാക്കിയത് ഇല്ലാത്ത കൂടിക്കാഴ്ചയെന്ന് തിരിച്ചടിച്ച് ഇന്ത്യ. വെള്ളിയാഴ്ച ജര്‍മനിയിലെ ഹാംബര്‍ഗില്‍ തുടക്കമാകുന്ന ജി 20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്നാണ് ചൈന വ്യക്തമാക്കിയത്.
കൂടിക്കാഴ്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇല്ലാത്ത കൂടിക്കാഴ്ചയാണ് നടക്കില്ലെന്ന് ചൈന പറയുന്നതെന്ന് ഇന്ത്യ തിരിച്ചടിച്ചു. മോദിയും ഷിചിന്പിങുമായുള്ള കൂടിക്കാഴ്ച നേരത്തെ തയാറാക്കിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ല്യ അറിയിച്ചു. ഹാംബര്‍ഗില്‍ അര്‍ജന്റീന, കാനഡ, ഇറ്റലി, ജപ്പാന്, മെക്സികോ, യുകെ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ നേതാക്കന്മാരായി മാത്രമാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതിനിടെ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ ചൈന, യുദ്ധസമാനമായ സാഹചര്യത്തിലുള്ള സൈനിക പരിശീലനം നടത്തി. ടിബറ്റില്‍ സമുദ്രനിരപ്പില്‍ നിന്നും 5100 മീറ്റര്‍ ഉയര്‍ന്ന പ്രദേശത്തുവച്ചാണ് യുദ്ധ ടാങ്ക് ഉള്‍പ്പെടെയുള്ള പുതിയ ഉപകരണങ്ങള്‍ പരീക്ഷിച്ച് പരിശീലനം നടത്തിയതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഉപകരണങ്ങള്‍ പരീക്ഷിച്ചതിനു പുറമേ, തല്‍സമയമായി വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശീലിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂട്ടാന്, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക് ലാമില്‍ ചൈനീസ് സൈന്യം റോഡ് പണിതതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഡോക് ലാം സ്വന്തം ഭൂമിയാണെന്നാണ് ചൈനയുടെ അവകാശവാദം. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രങ്ങളുടെ മുഖപ്രസംഗത്തിലൂടെ ഇന്ത്യക്കെതിരേ പ്രകോപനപരമായ പരാമര്‍ശങ്ങളുമായി ചൈന നേരത്തെ രംഗത്തെത്തിയിരുന്നു. സിക്കിമിലെ ഡോക് ലാമില്‍ നിന്ന് പിന്മാറിയില്ലെങ്കില് ചവിട്ടിപ്പുറത്താക്കുമെന്ന് ചൈനയുടെ ദേശീയപത്രം ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗം എഴുതുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല