സ്വന്തം ലേഖകൻ: ഇന്ത്യ, ചൈന രാജ്യങ്ങളിലുള്ളവർക്ക് വീസയില്ലാതെ ഇനി ഒരു മാസം മലേഷ്യയിൽ കഴിയാം. ഈ നടപടിക്ക് ഡിസംബർ ഒന്ന് മുതൽ തുടക്കം കുറിക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. ഭരണകക്ഷിയായ പീപ്ൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലായിരുന്നു ഇതുസംബന്ധിച്ച് അൻവർ ഇബ്രാഹിമിന്റെ പ്രഖ്യാപനം. മലേഷ്യയിലെ നാലാമത്തെയും അഞ്ചാമത്തെയും വിപണി ഉറവിടങ്ങളാണ് ചൈനയും ഇന്ത്യയും.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെയായി 91.6 കോടി ടൂറിസ്റ്റുകൾ മലേഷ്യ സന്ദർശിച്ചതായാണ് കണക്ക്. അതിൽ 15ലക്ഷം പേർ ചൈനയിൽ നിന്നും 354,486 പേർ ഇന്ത്യയിൽ നിന്നുമായിരുന്നു. കോവിഡിനു തൊട്ടുമുമ്പുള്ള വർഷവും മലേഷ്യയിൽ ടൂറിസ്റ്റുകളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തായ്‍ലൻഡും സമാന രീതിയിൽ ഇന്ത്യ, ചൈന രാജ്യങ്ങളിലുള്ളവർക്ക് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. നിലവിൽ ഇന്ത്യൻ, ചൈനീസ് പൗരൻമാർക്ക് മലേഷ്യയിൽ എത്തിക്കഴിഞ്ഞാലുടൻ വീസയ്ക്ക് അപേക്ഷിക്കുന്ന(ഓൺ അറൈവൽ) രീതിയാണുള്ളത്. പ്രോസസിങ് ഫീസ് ഉൾപ്പെടെ ഇന്ത്യക്കാർക്കുള്ള മലേഷ്യ വീസ ഓൺ അറൈവൽ ചെലവ് ഏതാണ്ട് 3,558 രൂപയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല