സ്വന്തം ലേഖകൻ: കോമൺവെൽത്ത് ഗെയിംസിൽ ഗോദയിൽ നിന്നുള്ള മെഡൽവാരൽ തുടർന്ന് ഇന്ത്യ. 9 സ്വർണ്ണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്. ഗുസ്തിയിൽ ഇന്നലെ മാത്രം മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ ഇന്ത്യൻ നിരയിൽ ഇന്ന് ആറ് പേരാണ് മെഡൽ ഉറപ്പിച്ച പോരാട്ടത്തിനിറങ്ങുന്നത്.
മെഡൽവേട്ടയിൽ 50 സ്വർണ്ണമടക്കം 140 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മുന്നിൽ. 47 സ്വർണ്ണമടക്കം 131 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് തൊട്ടുപിന്നിലുണ്ട്. 19 സ്വർണ്ണമടക്കം 67 മെഡലുമായി കാനഡ, 17 സ്വർണ്ണമടക്കം 41 മെഡലുകളുമായി ന്യൂസിലാന്റും 9 സ്വർണ്ണം, 8 വെള്ളി, 9 വെങ്കലമടക്കം 26 സ്വർണ്ണവുമായി ഇന്ത്യ എന്നിവരാണ് മൂന്ന് നാല് അഞ്ച് സ്ഥാനത്തുള്ളത്.
മെഡൽവാരുന്ന ഗുസ്തി ഇനത്തിൽ പൂജ ഖലോട്ട്, നവീൻ, പൂജ സിഹാഗ്, വിനേഷ് ഫോഗട്ട്, രവി ദാഹിയ, ദീപക് നെഹ്‌റ എന്നിവരെല്ലാം ഇന്ന് ക്വാർട്ടർ പോരാട്ടങ്ങൾക്കിറങ്ങും. ബോക്‌സിംഗിൽ നീതു ഗാൻഖാസ് കാനഡയുടെ ഇന്ത്യൻ വംശജ പ്രിയങ്ക ധില്ലനെയാണ് സെമിയിൽ നേരിടുന്നത്.
ഇത്തവണ മികച്ച മുന്നേറ്റം നടത്തുന്ന ടേബിൾ ടെന്നീസ് ടീമിൽ അജന്ത ശരത് കമാൽ ഇന്ന് ക്വാർട്ടർ പോരാട്ടത്തിനിറങ്ങും. വനിതകളിൽ ശ്രീജ അകൂലയും മത്സരിക്കുന്നുണ്ട്. പുരുഷ ഡബിൾസ് സെമിയിൽ സത്യയും അജന്തയും സെമിപോരാട്ടത്തിന് ഇറങ്ങും. സ്‌ക്വാഷിൽ ദീപിക പള്ളിക്കൽ-സൗരവ് ഘോഷാൽ സഖ്യം സെമിപോരാട്ടത്തിന് ഇറങ്ങും.
അത്‌ലറ്റിക്‌സിൽ വനിതകളുടെ 10 കിലോമീറ്റർ നടത്തത്തിൽ ഭാവന ജാട്ടും പ്രിയങ്ക ഗോസ്വാമിയും ട്രാക്കിലിറങ്ങും. വനിതകളിൽ ഏറെ പ്രതീക്ഷയുള്ള 4x 400 റിലേയിൽ ഹിമാ ദാസ്, ദ്യൂതീ ചന്ദ്, സർബാനീ, നന്ദ എന്നിവരാണ് ഇറങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല