സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി.1.617 നെ നശിപ്പിക്കാന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കോവാക്സീന് കഴിയുമെന്ന് സാംക്രമികരോഗ വിദഗ്ധനും യുഎസിന്റെ കോവിഡ് പ്രതിരോധ ദൗത്യസംഘം തലവനുമായ ഡോ. ആന്റണി ഫൗചി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും അതിനുള്ള മറുമരുന്ന് വാക്സിനേഷന്‍ തന്നെയാണെന്നും ഫൗചി പറയുന്നു. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് കോൺഫറൻസ് കോൾ വഴി സംവദിക്കുകയായിരുന്നു ഫൗചി.
കൊറോണ വൈറസിനെതിരെ ആന്‍റിബോഡിയുണ്ടാക്കാന്‍ പ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുകയാണ് കോവാക്സീന്‍ ചെയ്യുന്നതെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടിയിരുന്നു. ആശങ്ക നൽകുന്ന വൈറസ് വകഭേദങ്ങൾക്കെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സീൻ പൂർണ ഫലപ്രദമാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പഠനം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇരട്ട മാറ്റം സംഭവിച്ച വൈറസ് വകഭേദത്തെ അടക്കം നിർവീര്യമാക്കാൻ കഴിയുന്നതാണ് ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നു വികസിപ്പിച്ച കോവാക്സീന്റെ ഘടനയെന്നാണ് പഠനം. 78 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ വാക്സീന്‍ ജനുവരി മൂന്ന് മുതലാണ് പൊതുജനത്തിന് നല്‍കി തുടങ്ങിയത്.
അതിനിടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്, കോവിഡിനെതിരേ ദീര്‍ഘകാല പ്രതിരോധം നല്‍കാന്‍ സാധിക്കുമോയെന്ന ഗവേഷണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ ഏഴ് പേര്‍ ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസ് സ്വീകരിച്ചു. കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഇവര്‍ മൂന്നാം ഡോസ് സ്വീകരിച്ചത്.
18 മുതല്‍ 55 വയസ് വരെയള്ളവരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതെന്നും ഇവരെ അടുത്ത ആറ് മാസക്കാലം നിരീക്ഷിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ.സത്യജിത്ത് മൊഹാപത്ര പറഞ്ഞു. ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കുകയും സുരക്ഷയും രോഗപ്രതിരോധ ശേഷിയും വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല