![](https://www.nrimalayalee.com/wp-content/uploads/2021/11/India-Covaxin-Bahrain-.jpg)
സ്വന്തം ലേഖകൻ: ഇന്ത്യയുടെ തദ്ദേശ നിർമിത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ബഹ്റൈന്‍ അനുമതി നല്കി. ബഹ്റൈന്‍ നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 18 വയസിന് മുകളിലുള്ളവർക്കാണ് വാക്സിന് നല്കാന് തീരുമാനിച്ചിരിക്കുന്നത്.
ഭാരത് ബയോടെക് നിർമിച്ച വാക്സിന് അടുത്തിടെ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യന്‍ നിര്‍മ്മാണ കമ്പനി നല്കിയ വിവരങ്ങള്‍ വിശദമായി പരിശോധന നടത്തിയ ശേഷം ആണ് ബഹ്റൈന്‍ നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി കൊവാക്സിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
26,000 പേർ പങ്കെടുത്ത വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തിയിരുന്നു. ഇതില്‍ കൊവിഡിനെതിരായി പ്രവര്‍ത്തിക്കാന്‍ വാകിസന് 77.8 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടാതെ ഗുരുതരമായ കേസുകളിൽ 93.4 ശതമാനം വാക്സിന് ഫലപ്രദമാണെന്ന് തെളിഞ്ഞു. പഠനത്തില്‍ കാര്യമായ പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് തെളിഞ്ഞു.
അതേസമയം, വാക്സിന് എടുക്കാതെ ബഹ്റൈനിൽ വരുന്ന യാത്രക്കാര്‍ക്ക് നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കി. സിവിൽ ഏവിയേഷൻ അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ ഏവിയേഷൻറെ തീരുമാനം നവംബർ 14 മുതൽ പ്രാബല്യത്തിൽ വരും. വാക്സിന് എടുക്കാതെ വരുന്നവര്‍ ഇനി മുതല്‍ ഹോട്ടലിന് പകരം സ്വന്തം താമസ സ്ഥലത്ത് ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയാകും. 10 ദിവസം ആണ് ക്വാറൻറീനിൽ കഴിയേണ്ടത്.
അതേസമയം, റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടിക ബഹ്റെെന്‍ പുതുക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കി കൊവിഡ് കുറവുള്ള രാജ്യങ്ങളെ റെഡ്ലിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തി. അടുത്ത് പട്ടിക പുറത്തിറങ്ങുന്നത് വരെ ഇപ്പോള്‍ പുറത്തിറങ്ങിയ പട്ടിക നിലനില്ക്കും. കൊവിഡ് മുന്‍കരുതല്‍ നിബന്ധനകള്‍ എല്ലാം ഇപ്പോഴും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെ കുറവായതിനാൽ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ഓരോന്നായി പിൻവലിച്ച് തുടങ്ങി. റോഡുകളിലും പാർക്കുകളിലും ബീച്ചുകളിലും ഷോപ്പിങ് മാളുകളിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റി കൊണ്ടിരിക്കുകയാണ്. വാക്സിൻ എടുക്കാത്ത യാത്രക്കാർക്ക് സ്വന്തം പേരിൽ താമസ സൗകര്യമില്ലെങ്കിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീനിൽ കഴിയണമെന്ന നിബന്ധന കഴിഞ്ഞ ദിവസം ബഹ്റൈല്‍ പിന്‍വലിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല