സ്വന്തം ലേഖകൻ: ചൈനയില്‍ കുതിച്ചുയരുന്ന കോവിഡ് കേസുകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍. തിരക്കേറിയ ഇടങ്ങളില്‍ ആളുകള്‍ മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ആഴ്ച്ചയും കോവിഡ് സാഹചര്യം വിലയിരുത്താന്‍ യോഗങ്ങള്‍ ചേരണമെന്നും കേന്ദ്രം തീരുമാനിച്ചു. രാജ്യത്ത് വീണ്ടുമൊരു തരംഗമുണ്ടാകുന്നത് തടയാനാണ് ഇത്തരമൊരു തീരുമാനം.
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. ആരോഗ്യ വിദഗ്ധരും, പ്രവര്‍ത്തകരുമെല്ലാം യോഗത്തിലുണ്ടായിരുന്നു. കോവിഡ് അവസാനിച്ചിട്ടില്ല. എല്ലാ ആരോഗ്യ സമിതികളോടും ജാഗ്രതയോടെ ഇരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്നും മന്‍സൂക് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
അതേസമയം ആര്‍ക്കും ഈ ഘട്ടത്തില്‍ ഭയപ്പെടേണ്ടെന്നാണ് നിതി ആയോഗ് അംഗവും, ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷനുമായ വികെ പോള്‍ പറഞ്ഞത്. മതിയായ ടെസ്റ്റുകള്‍ രാജ്യത്ത് നടത്തുന്നുണ്ട്. പക്ഷേ എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. തിരക്കേറിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം. അന്താരാഷ്ട്ര യാത്രകളുടെ മാനദണ്ഡത്തില്‍ മാറ്റങ്ങളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.
ആറ് പോയിന്റുകളെ കേന്ദ്രീകരിച്ചാണ് കോവിഡ് പുനപ്പരിശോധന യോഗം നടന്നത്. അന്താരാഷ്ട്ര-ആഭ്യന്തര വിമാനത്താവളങ്ങളിലൂടെ വരുന്ന കേസുകള്‍ തടയാന്‍ വേണ്ട കാര്യങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. വിദേശത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള മാനദണ്ഡങ്ങളും ചര്‍ച്ച ചെയ്തു. പുതിയ കോവിഡ് വകഭേദത്തെ കുറിച്ചും വിദഗ്ധരുമായി ചര്‍ച്ച നടന്നു.
കോവിഡ് കേസുകള്‍ രൂക്ഷമായുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യന്‍ യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനാണ് സാധ്യത. പുതുവത്സര ആഘോഷം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എന്തൊക്കെ നിയന്ത്രണങ്ങളാണ് കൊണ്ടുവരേണ്ടത് എന്നെല്ലാം യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കര്‍ശനമായ നിര്‍ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്.
എല്ലാ കോവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ ഇന്‍സാഗോഗ് ജെനോം സ്വീക്വന്‍സിംഗ് ലാബുകളിലേക്ക് നിത്യേന അയക്കണമെന്നാണ് നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡിന്റെ വ്യാപ്തിയെ കുറിച്ച് പഠിക്കുന്ന വിഭാഗമാണ് ഇന്‍സാകോഗ്. വിവിധ കോവിഡ് വകഭേദങ്ങളെ കുറിച്ചും ഇവ പഠിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണിത്.
ജപ്പാന്‍, അമേരിക്ക, ദക്ഷിണ കൊറിയ, ബ്രസീല്‍, ചൈന, എന്നിവിടങ്ങളിലാണ് പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളുടെ സാമ്പിളിന്റെ ജെനോം സീക്വന്‍സുകള്‍ നടത്തേണ്ടത് ആവശ്യമാണ്. പുതിയ വകഭേദങ്ങളെ ഇതിലൂടെ കണ്ടെത്താനാവുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു.
പെട്ടെന്ന് തന്നെ പുതിയ വകഭേദങ്ങളെ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കും. ഇനി രാജ്യത്ത് ഏതെങ്കിലും കോവിഡ് വേരിയന്റ് പടരുന്നുണ്ടെങ്കില്‍ അതും കണ്ടെത്താന്‍ സാധിക്കുമെന്ന് ഭൂഷണ്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല