1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2022

സ്വന്തം ലേഖകൻ: കോവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയിൽ ജൂൺ മാസത്തിൽ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ജൂൺ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബർ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം.

അതിനിടെ സംസ്ഥാനത്ത് രണ്ടു വർഷത്തെ കോവിഡ് നിയന്ത്ര‌‌‌‌‌‌‌‌ണങ്ങൾക്കു ശേഷം ജനജീവിതം ഏറെ‌ക്കുറെ സാധാരണ നിലയിലേക്കു മടങ്ങുന്നു. മാസ്ക്കും അകലം പാലിക്കലുമായിരിക്കും ഇനി പ്രധാന നിയന്ത്രണങ്ങൾ. സംസ്ഥാനത്ത് ‌എല്ലാ പൊതുപരിപാടികളിലും 1500 പേരെ പങ്കെടുപ്പിക്കാൻ കലക്ടർമാർക്ക് അനുമതി നൽകുന്നത് ഉൾപ്പെടെ ഇളവുകൾ നൽകി സർക്കാർ ഉത്തരവിറക്കി. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ അകലം പാലിക്കണം. ഇളവുകൾ പ്രാബല്യത്തിലായി.

തിയറ്ററുകളിൽ 100% സീറ്റിൽ ആളെ ഇരുത്താം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മറ്റു ഭക്ഷണശാലകൾ, ബാറുകൾ, ക്ലബുകൾ എന്നിവിടങ്ങളിലും 100% ആളാകാം. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ഓഫിസുകളിലെയും യോഗങ്ങളും പരിശീലന പരിപാടികളും ആവശ്യമെങ്കിൽ നേരിട്ടും നടത്താം. ‌

ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ‌ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ‌ഏർപ്പെടുത്തുന്ന നടപടി നിർത്തലാക്കി. പരിപാടികൾ മാസ്ക്കും അകലവും സാനിറ്റൈസർ ഉപയോഗവും ഉൾപ്പെടെയുള്ള കോവിഡ് നിബന്ധനകൾ പാലിച്ചു മാത്രമേ നടത്താവൂ എന്നും ഉത്തരവിൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.