സ്വന്തം ലേഖകൻ: ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ്, കൊറിയ, തായ്ലന്ഡ്, ജപ്പാന് എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് ആര് ടി പി സി ആര് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
എന്നാല്‍ കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ആര് ടി പി സി ആര് നിര്‍ബന്ധമല്ല. ഇതോടൊപ്പം ആറ് രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് എയര്‍ സുവിധ ഫോം അപ്ലോഡ് ചെയ്യാനുള്ള നിയമവും കേന്ദ്രം എടുത്തുകളഞ്ഞു.
യാത്രയ്ക്ക് 72 മണിക്കൂറില്‍ മുമ്പുള്ള കോവിഡ് പരിശോധനയും, എയര്‍ സുവിധ ഫോം അപലോഡ് ചെയ്യുന്ന തീരുമാനം എടുത്തുമാറ്റുകയാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാലിന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അയച്ച കത്തില്‍ അറിയിച്ചു. അതേസമയം, കോവിഡ് കേസുകളുടെ മറ്റ് വകഭേദങ്ങളെ കുറിച്ചുള്ള നിരീക്ഷണം കേന്ദ്ര സര്‍ക്കാര്‍ തുടരും.
രാജ്യത്ത് നവംബര്‍ മാസം മുതല്‍ നിര്‍ത്തിവച്ച കോവിഡ് പരിശോധന ഡിസംബര്‍ 24 മുതല്‍ വീണ്ടും ആരംഭിച്ചിരുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. അതേസമയം, കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശം ഇന്ന് രാവിലെ 11 മണി മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ രാജ്യങ്ങളില്‍ കൊറോണ വൈറസ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്, കഴിഞ്ഞ 28 ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെ അപേക്ഷിച്ച് പുതിയ കേസുകളില്‍ 89% കുറവുണ്ടായി. ഇനി അങ്ങോട്ട് കോവിഡിന്റെ പുതിയ തരംഗത്തിനെതിരെ പോരാടാനുള്ള സാധ്യത വളരെ കുറവാണെന്ന് ചൈന സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ്, വു സുന്‍യു പറഞ്ഞിരുന്നു.
ഇതിനിടെ, ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുകയാണ്. പ്രതിദിനം 100ന് അടുത്ത് കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച ഇന്ത്യയില്‍ 124 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1843 പേരാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,750 ആയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല