സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ഏപ്രിൽ 27 മുതൽ കോവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്ത്യയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണം. പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്കും നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ഇതുവരെ യാത്രക്കാർ ബഹ്റൈനിൽ എത്തുേമ്പാൾ പി.സി.ആർ ടെസ്റ്റ് നടത്തിയാൽ മതിയായിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങുേമ്പാൾ ആദ്യ ടെസ്റ്റും അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും 10ാം ദിവസം മൂന്നാം ടെസ്റ്റും നടത്തണം. 36 ദീനാറാണ് ഇതിന് ഫീസ് ഇൗടാക്കുന്നത്. ഇതിനുപുറമെയാണ് ഇപ്പോൾ അധിക നിയന്ത്രണം കൂടി ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ബഹ്റൈനിലേക്കും ഖത്തറിലേക്കുമാണ് ഇന്ത്യയിൽനിന്ന് യാത്രാനുമതി ഉള്ളത്. യു.എ.ഇയും ഒമാനും ശനിയാഴ്ച മുതൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. സൗദിയും കുവൈത്തും നേരത്തേതന്നെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ വഴി കുറഞ്ഞ ചെലവിൽ ബഹ്റൈനിലേക്ക് വരാനുള്ള മാർഗമാണ് ഇതോടെ അടഞ്ഞത്. 10 ദിവസത്തേക്കാണ് യു.എ.ഇ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും അതിനുശേഷം മാറ്റം വരുത്തുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് ഫെബ്രുവരി 22 മുതൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. വിമാന ടിക്കറ്റിന് പുറമെ, നാട്ടിലേക്ക് പോകുേമ്പാഴും തിരിച്ചുവരുേമ്പാഴും കോവിഡ് ടെസ്റ്റിന് വലിയൊരു തുക മുടക്കേണ്ട ബാധ്യതയും ഇതോടെ യാത്രക്കാർക്ക് വന്നുചേർന്നു. കുടുംബമായി യാത്ര ചെയ്യുന്നവർക്കാണ് ഇത് കൂടുതൽ പ്രയാസം സൃഷ്ടിച്ചത്.
അതേസമയം, കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തരായവർക്കും ഇൗദ് ഒന്നുമുതൽ ബഹ്റൈനിൽ ഇറങ്ങിയ ശേഷമുള്ള കോവിഡ് ടെസ്റ്റ് വേണ്ടെന്ന് തീരുമാനിച്ചത് പ്രവാസികൾക്ക് അൽപ്പം ആശ്വാസം പകരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല