സ്വന്തം ലേഖകൻ: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്കു പുതിയ മാർഗനിർദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). മാസ്ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും വിമാനത്താവളത്തിൽ പ്രവേശിക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഡിജിസിഎ അറിയിച്ചു.
മാസ്ക് ധരിക്കാതെ വിമാനത്താവളത്തിൽ എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി കാണുകയും അവരെ വിമാനം പുറപ്പെടുന്നതിനു മുൻപ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി. യാത്രക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കണമെന്ന് വിമാനത്താവള ജീവനക്കാർക്കു നിർദേശം നൽകി. മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരിൽനിന്നു പിഴ ഈടാക്കാം. അല്ലെങ്കിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ഇവരെ കൈമാറാമെന്നും നിർദേശത്തിൽ പറയുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രക്കാർക്കതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് ഡിജിസിഎ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കോവിഡ് പൂർണമായും ഒഴിവായിട്ടില്ലെന്നും രോഗം പടരാൻ ഇനിയും സാധ്യതയുണ്ടെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,193 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം (589), തിരുവനന്തപുരം (359) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല