![](https://www.nrimalayalee.com/wp-content/uploads/2021/12/India-Omicron-Cases-Gujrat.jpg)
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനവ്. ഏഴുമാസത്തിന് ശേഷം പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷം കടന്നു. ഒമിക്രോൺ വ്യാപനത്തിന് പിന്നാലെയാണ് രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നത്. കോവിഡ് ഉയർന്നതോടെ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 3007 ആയി ഉയർന്നു.
അതിനിടെ രാജ്യത്തെ 15 ജില്ലകളിലെ രോഗവ്യാപന തീവ്രതയിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരുമാസത്തിനിടയിലെ പ്രതിവാര കോവിഡ് കേസുകളുടെയും പോസിറ്റീവിറ്റി നിരക്കിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്രം 15 ജില്ലകളുടെ പട്ടിക തയ്യാറാക്കിയത്. കേരളത്തിൽ നിന്നുള്ള രണ്ട് ജില്ലകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരവും എറണാകുളവുമാണ് പട്ടികയിലിടംപിടിച്ച കേരളത്തിലെ ജില്ലകൾ.
മുംബൈ, കൊൽക്കത്ത, താനെ, മുംബൈ സബർബൻ, ബെംഗളൂരു അർബൻ, പൂനെ, ചെന്നൈ, നോർത്ത് 24 പർഗാനസ്, ഗരുഗ്രാം, അഹമ്മദാബാദ്, തിരുവനന്തപുരം, ഹൗറ, എറണാകുളം, റാഞ്ചി, റായ്ഗഡ് എന്നീ ജില്ലകളിലെ രോഗവ്യാപനത്തിലാണ് കേന്ദ്രം ആശങ്ക രേഖപ്പെടുത്തിയത്. 2021 ഡിസംബർ നാല് മുതൽ 2022 ജനുവരി നാല് വരെയുള്ള ഒരു മാസ കാലയളവിലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് രോഗവ്യാപനതോത് കേന്ദ്രം വിശദീകരിക്കുന്നത്.
ഒരുമാസത്തിനിടയ്ക്ക് മുംബൈയിലെ പോസിറ്റിവിറ്റി നിരക്ക് 0.67 ശതമാനത്തിൽ നിന്ന് 17.02 ശതമാനത്തിലേക്ക് ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന കൊൽക്കത്തയിൽ പോസിറ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 44.5 ശതമാനത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. എന്നാൽ കേരളത്തിലെ രണ്ട് ജില്ലകളിലും ഒരുമാസകാലയളവിനിടയ്ക്ക് പോസിറ്റിവിറ്റി നിരക്കിൽ നേരിയ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 15 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്കിൽ ഇടിവുണ്ടായിരിക്കുന്നതും ഈ ജില്ലകളിൽ മാത്രമാണ്.
അതേസമയം ഡല്‍ഹിയിലും മുംബൈയിലും കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ വ്യാഴാഴ്ച 15,097 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. മുംബൈയിൽ ഇന്നലെ 20,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 16 ശതമാനം ആശുപത്രി കിടക്കകളും രോഗികളാല്‍ നിറഞ്ഞ അവസ്ഥയാണ് മുംബൈയില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല