സ്വന്തം ലേഖകൻ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയെക്കുറിച്ചു ആദ്യ പ്രഖ്യാപനമുണ്ടായത് 2002 ലെ ബജറ്റ് അവതരണ സമയത്താണ്. എന്താണ് ഡിജിറ്റൽ കറൻസി, ക്രിപ്റ്റോ കറൻസിതന്നെയാണോ, എങ്ങനെ അത് കൈമാറ്റം ചെയ്യും,രൂപയ്ക്കു ബദലാകുമോ, വില സ്ഥിരതയുള്ളതാണോ തുടങ്ങി ഒരുപാടു സംശയങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ സി ബി ഡി സി എന്താണെന്ന് കുറേകൂടി വ്യക്തത വന്നിട്ടുണ്ട്. ഡിജിറ്റൽ കറൻസി ആദ്യമായി അവതരിപ്പിക്കുമ്പോൾ കൃത്യമായി പദ്ധതി തയാറാക്കി സമ്പദ് വ്യവസ്ഥയിലേക്കു കൊണ്ടുവരാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്.
അതാതു രാജ്യത്തെ ഫിയറ്റ് കറൻസിയുടെ ഡിജിറ്റൽ രൂപമായിരിക്കും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ (സി ബി ഡി സി ). മൊത്ത വ്യാപാര മേഖലയിൽ ആദ്യം അവതരിപ്പിച്ചു പരീക്ഷിച്ച ശേഷം മാത്രമേ ചെറുകിട വ്യാപാര രംഗത്തേക്ക് ഡിജിറ്റൽ കറൻസി പ്രവേശിക്കുകയുള്ളൂ. സി ബി ഡി സി ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തും.
ഫിയറ്റ് കറൻസിയുമായി ഇതിനെ കൈമാറ്റം നടത്താം. വില സ്ഥിരത ഉണ്ടാകുമെന്നതിനാൽ ക്രിപ്റ്റോ കറൻസികളുടേത് പോലെയുള്ള അസ്ഥിരതയെക്കുറിച്ച് ഭയപ്പെടേണ്ട. ഇടനിലക്കാരില്ലാതെ വിദേശത്തേക്കും കറൻസി കൈമാറ്റം സാധ്യമാകും. ക്രിപ്റ്റോ കറൻസികളുടെ പകരക്കാരനാകാനാണ് ഓരോ രാജ്യവും അതാതു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ ഇറക്കുന്നത്.
ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയായിരിക്കും സി ബി ഡി സി ക്കു ഉപയോഗിക്കുന്നത്. വോലറ്റുകളിൽ നിന്ന് വോലറ്റുകളിലേക്കു ഇത് കൈമാറ്റം ചെയ്യാം. കെ വൈ സി പോലുള്ള രേഖകളെല്ലാം ഇതിൽ കൃത്യമായിരിക്കും, അതിനാൽ ആര്, ആർക്ക്, എപ്പോൾ, എത്ര പണം കൈമാറ്റം ചെയ്തുവെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. കൂടാതെ കള്ളപ്പണത്തിന്റെ വിനിമയത്തിന് തടയിടാൻ സാധിക്കും.
ഓരോ രാജ്യത്തെയും സെൻട്രൽ ബാങ്കുകൾക്ക് ഇവയുടെ മേൽ കൃത്യ നിയന്ത്രണം ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല