സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്ക് വാക്സിനേഷൻ വേണമെന്ന നിബന്ധന എമിറേറ്റ്സും ഒഴിവാക്കി. എയർലൈന്‍റെ വെബ്സൈറ്റിലെ പുതിയ സർക്കുലറിലാണ് വാക്സിനേഷൻ നിബന്ധന ഒഴിവാക്കിയത്. ഇതോടെ, ദുബായ് വിസയുള്ളവർക്ക് വാക്സിനേഷനില്ലാതെ മടങ്ങാൻ കഴിയും. അതേസമയം, അബൂദബി, ഷാർജ ഉൾപെടെയുള്ള എമിറേറ്റുകളിൽ വിസയുള്ളവർക്ക് വാക്സിനേഷൻ നിർബന്ധമാണ്.
വാക്സിനേഷൻ വേണെമന്ന നിബന്ധന എയർ ഇന്ത്യയും വിസ്താര എയർലെൻസും നേരത്തെ ഒഴിവാക്കിയിരുന്നു. നേരത്തെ ഇറക്കിയ സർക്കുലറിൽ യു.എ.ഇയിൽ നിന്നെടുത്ത വാക്സിൻ നിർബന്ധമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, പുതിയ സർക്കുലർ പ്രകാരം ജി.ഡി.ആർ.എഫ്.എയുടെ അനുമതിയും 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലവും നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ പരിശോധന ഫലവുമുണ്ടെങ്കിൽ ദുബായിലേക്ക് യാത്ര ചെയ്യാം.
ഈ രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ വിമാനത്താവളങ്ങളിലെ ചെക്കിന്‍ കൗണ്ടറില്‍ നിന്ന് എയര്‍ലൈന്‍ അധികൃതര്‍ പരിശോധിക്കുന്നുള്ളൂ എന്ന് ഖലീജ് ടൈംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇനിലവിൽ ദുബായ് വിസക്കാർക്ക് മാത്രമെ ദുബായിലെ വിമാനത്താവളങ്ങളിലേക്ക് പ്രവേശന അനുമതി നൽകുന്നുള്ളു. അതിനാൽ, പുതിയ സർക്കുലർ പ്രകാരമുള്ള നിബന്ധനയുടെ ഗുണം ലഭിക്കുന്നത് ദുബായ് വിസക്കാർക്ക് മാത്രമായിരിക്കും.
യുഎഇയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ അബുദാബി, ഷാര്‍ജ തുടങ്ങിയ വിമാനത്താവളങ്ങളില്‍ പ്രവേശനാനുമതിയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. മൂന്നു മാസത്തെ യാത്രാ വിലക്കിനു ശേഷം കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയടക്കം ആറു രാജ്യക്കാര്‍ക്ക് യുഎഇയിലേക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കിയത്. പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവയാണ് യാത്രാനുമതി നല്‍കപ്പെട്ട മറ്റ് രാജ്യങ്ങള്‍.
അതേസമയം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ഫെഡറല്‍ സ്ഥാപനങ്ങളിലെയും പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, യുഎഇയില്‍ ചികില്‍സയില്‍ കഴിയുന്നവരില്‍ തുടര്‍ ചികില്‍സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിനെടുക്കാതെ തന്നെ യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല