സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രകള്‍ക്കും കുടിയേറ്റത്തിനും കൂടുതല്‍ ഗുണകരമായ ഇ-പാസ്‌പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കുകയാണ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം രാജ്യത്തിന്റെ വിദേശകാര്യ വകുപ്പാണ് കഴിഞ്ഞ ദിവസം നടത്തിയത്. വിദേശകാര്യ വകുപ്പു സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ഇതുമായി ബന്ധപ്പെട്ടു നടത്തിയ ട്വീറ്റില്‍ പല പുതിയ ഫീച്ചറുകളെക്കുറിച്ചും പറയുന്നുണ്ട്. ഉടമയുടെ ബയോമെട്രിക് ഡേറ്റ അടക്കംചെയ്തിരിക്കുന്ന മൈക്രോ ചിപ്പാണ് ഇ-പാസ്‌പോര്‍ട്ടിന്റെ കേന്ദ്ര സ്ഥാനത്ത്. ഇതാകട്ടെ, വ്യോമയാനവുമായി ബന്ധപ്പെട്ട രാജ്യാന്തര സംഘടനയായ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും ഇറക്കുക. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസിലായിരിക്കും പാസ്‌പോര്‍ട്ട് നിർമിക്കുക എന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പരമ്പരാഗത പാസ്‌പോര്‍ട്ടുമായി സമാനതകള്‍ ഉള്ളതാണ് ഇ-പാസ്‌പോര്‍ട്ടും. എന്നാല്‍, ഇ-പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പില്‍ ഉടമയെക്കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ബയോമെട്രിക് ഡേറ്റ, പേര്, അഡ്രസ്, മറ്റു തിരിച്ചറിയാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ഉള്‍ക്കൊള്ളിച്ചിരിക്കും. ഉടമ നടത്തിയ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളടക്കം അതില്‍ ലഭ്യമാക്കും. ഉന്നത നിലവാരമുള്ള സുരക്ഷാ വലയം ചിപ്പിന് ഒരുക്കും. ചിപ്പുള്ള പാസ്‌പോര്‍ട്ട് ആണ് ഉപയോഗിക്കുന്നതെങ്കില്‍ എയര്‍പോര്‍ട്ടില്‍ വേരിഫിക്കേഷന് അധികം സമയം ചെലവഴിക്കേണ്ടി വരില്ല എന്നത് എയര്‍പോര്‍ട്ട് സ്റ്റാഫിനും പാസ്‌പോര്‍ട്ട് ഉടമയ്ക്കും ഗുണം ചെയ്‌തേക്കും. നിലവിലുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പ്രിന്റ് ചെയ്തതാണ്.
ചിപ്പിന്റെ സവിശേഷതകളില്‍ മുഖ്യം അതിന്റെ റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) മൈക്രോചിപ്പ് തന്നെയാണ്. ബയോമെട്രിക് ഡേറ്റ അടക്കം അടങ്ങുന്ന ചിപ്പില്‍ നിന്ന് അനുവാദമില്ലാതെ ഡേറ്റ എടുത്തേക്കാനുള്ള സാധ്യത കുറയ്ക്കാനായി കനത്ത സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ഇതെല്ലാം രാജ്യാന്തര തലത്തില്‍ യാത്രകള്‍ നടത്തുന്നവര്‍ക്ക് വളരെ ഗുണപ്രദമായിരിക്കും എന്നാണ് സർക്കാർ പറയുന്നത്. ജനങ്ങള്‍ക്ക് ഇ-പാസ്‌പോര്‍ട്ട് നല്‍കി തുടങ്ങുന്നിതന്റെ പ്രാരംഭ നടപടി എന്ന രീതിയില്‍ സ്ഥാനപതികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഉള്ള 20,000 ഇ-പാസ്‌പോര്‍ട്ട് നല്‍കി കഴിഞ്ഞു. ഈ പരീക്ഷണം വിജയിച്ചു എന്നു കണ്ടെത്തിയാല്‍ പിന്നെ അധികം താമസിയാതെ ജനങ്ങള്‍ക്കും ഇ-പാസ്‌പോര്‍ട്ട് നല്‍കി തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല