സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇ-കെയര്‍ പോര്‍ട്ടല്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് https://ecare.mohfw.gov.in/ എന്ന പോര്‍ട്ടലില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് തല്‍വാര്‍ അറിയിച്ചു. പഞ്ചാബ് ഗവണ്‍മെന്റിന്റെ ഇമിഗ്രന്റ് ഇന്ത്യന്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റും ഈ പോര്‍ട്ടലിനെക്കുറിച്ച് കഴിയുന്നത്ര ആളുകളെ അറിയിക്കാന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ആളുകള്‍ക്ക് അവരുടെ അഭ്യര്‍ത്ഥന പോര്‍ട്ടലില്‍ സമര്‍പ്പിക്കാമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
വിദേശത്ത് മരണപ്പെട്ടാല്‍ സുഗമമായ നടപടികളിലൂടെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തടസ്സമില്ലാതെ അവരുടെ നാട്ടിലെത്തിക്കുക എന്നതാണ് ഈ പോര്‍ട്ടലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. eCARE ക്ലിയറന്‍സ് പോര്‍ട്ടല്‍ മൃതശരീരം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സജ്ജീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമമായ മോഡിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് (പബ്ലിക് ഹെല്‍ത്ത്) റൂള്‍സ് 1954, ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സ്, 2005 എന്നിവ പ്രകാരം വിദേശത്ത് നിന്ന് കൊണ്ടുവരുന്ന മൃതദേഹം/മനുഷ്യാവശിഷ്ടങ്ങള്‍ എന്നിവയുടെ പൊതുജനാരോഗ്യ ക്ലിയറന്‍സ് ആവശ്യമാണ്. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന എല്ലാ മൃതദേഹങ്ങള്‍ക്കൊപ്പവും ക്ലിയറന്‍സിനായി രേഖകളുടെ പട്ടിക ലഭിക്കാൻ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല