1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2022

സ്വന്തം ലേഖകൻ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുതിയ മാര്‍ഗരേഖ പുറത്തിറക്കി.എല്ലാ മാധ്യമങ്ങളിലൂടെയുമുള്ള പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ ബാധകമാണ്.

പരസ്യംചെയ്യാന്‍ വിലക്കുള്ള ഉത്പന്നങ്ങള്‍ മറ്റൊരുപേരില്‍ പരസ്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. കുട്ടികളുടെ നിഷ്‌കളങ്കതയെയും അറിവില്ലായ്മയെയും പരസ്യങ്ങള്‍ ചൂഷണം ചെയ്യരുതെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് ശിക്ഷയും വ്യവസ്ഥചെയ്തിട്ടുണ്ട്.

സൗജന്യമായി കൈപ്പറ്റാന്‍ ഉപഭോക്താവ് എന്തുചെയ്യണമെന്ന് പരസ്യത്തില്‍ വ്യക്തമാക്കണം. ഉത്പന്നത്തിന്റെ പാക്കിങ്ങിനും കൈകാര്യം ചെയ്യാനും ചെലവായ തുക ആവശ്യപ്പെട്ടാല്‍ സൗജന്യമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. ഓഫറിന് നല്‍കുന്ന ഉത്പന്നം ഗുണനിലവാരം കുറഞ്ഞതാണെങ്കിലും സൗജന്യം എന്ന് വിശേഷിപ്പിക്കാനാകില്ല.

കുട്ടികളെ ലക്ഷ്യംവെച്ച പരസ്യങ്ങള്‍ അപകടകരമാംവിധം പെരുമാറാന്‍ പ്രേരിപ്പിക്കുന്നതാകരുത്. നിഷ്‌കളങ്കതയെയും അറിവില്ലായ്മയെയും ചൂഷണം ചെയ്യുന്നതാകരുത്. അപ്രായോഗികമായ പ്രതീക്ഷ ജനിപ്പിക്കുന്നതരത്തില്‍ പൊലിപ്പിച്ച് കാണിക്കാന്‍ പാടില്ല. അവ ഉപയോഗിച്ചില്ലെങ്കില്‍ കുറവാണെന്നമട്ടില്‍ അവതരിപ്പിക്കരുത്.

വാങ്ങാന്‍, രക്ഷിതാക്കളെ അനുനയിപ്പിക്കാന്‍ കുട്ടികളെ ഉപദേശിക്കരുത്. പുകയില ഉത്പന്നങ്ങളുടെയും മദ്യത്തിന്റെയും പരസ്യത്തില്‍ കുട്ടികളെ ഭാഗമാക്കാന്‍ പാടില്ല. കുട്ടികള്‍ക്ക് വിലക്കപ്പെട്ടതോ ആരോഗ്യ മുന്നറിയിപ്പുള്ളതോ ആയ ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ കായികം, സംഗീതം, സിനിമ മേഖലകളിലെ വ്യക്തിത്വങ്ങളെ ഭാഗമാക്കാന്‍ പാടില്ല.

മുന്നറിയിപ്പുകള്‍ ശ്രദ്ധയോടെയാവണം. പരസ്യത്തില്‍ ഉന്നയിച്ച പ്രധാന അവകാശവാദങ്ങള്‍ക്ക് വിപരീതമായതൊന്നും മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. തെറ്റിദ്ധരിപ്പിക്കുന്നവിധത്തില്‍ നിര്‍ണായക വിവരങ്ങള്‍ മറച്ചുവെക്കാനാകില്ല. പരസ്യത്തിലെ അവകാശവാദത്തിന്റെ അതേ ഭാഷയിലാകണം മുന്നറിയിപ്പും.

മാര്‍ഗരേഖയുടെ ആദ്യലംഘനത്തിന് 10 ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 50 ലക്ഷവുമാണ് സ്ഥാപനങ്ങള്‍ക്ക് പിഴ.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ സാക്ഷ്യപ്പെടുത്തുന്ന വ്യക്തികളെ ഒരു വര്‍ഷം വിലക്കാം. ഇതാവര്‍ത്തിച്ചാല്‍ വിലക്ക് മൂന്നുവര്‍ഷം വരെയാകാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.