1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2021

സ്വന്തം ലേഖകൻ: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്‌. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. കര്‍ഷര്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കി ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്.

നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും മോദി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.

കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്‍മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

നിയമങ്ങളെ എതിര്‍ത്ത കര്‍ഷകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നു. കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്റ് റദ്ദാക്കുന്നതുവരെ കര്‍ഷക സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സമരം അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വിവാദ നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുന്നത് വരെ കാത്തിരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. താങ്ങുവില അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്നും ടിക്കായത്ത് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.