സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെയുള്ള വംശീയ ആക്രമണങ്ങള്‍ തുടരിന്നതില്‍ ഉറച്ച നിലപാടെടുത്ത് ഇന്ത്യ, കടുത്ത ആശങ്ക അമേരിക്കയെ അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കെതിരെ ഈയിടെ നടന്ന മൂന്ന് ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ട്രംപ് ഭരണകൂടത്തെ ആശങ്ക അറിയിച്ചതെന്നു മന്ത്രി പറഞ്ഞു. വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കര്‍ അമേരിക്കന്‍ ഭരണകൂടത്തിലെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വിഷയം ചര്‍ച്ചചെയ്തതായി മന്ത്രി അറിയിച്ചു.
കന്‍സാസ് നഗരത്തില്‍ നടന്ന വെടിവയ്പില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് മരിച്ച സംഭവത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ച കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ഈ വിഷയത്തില്‍ മൗനംപാലിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം മന്ത്രി തള്ളി. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആണു വിഷയം സഭയില്‍ ഉന്നയിച്ചത്.
ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ താന്‍ നേരിട്ടുവിളിച്ചെന്നു മന്ത്രി പറഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നേരിട്ട് അവരെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി ഓരോ ദിവസവും ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു എന്നും മന്ത്രി വെളിപ്പെടുത്തി. ആരോഗ്യകാരണങ്ങളാല്‍ സഭയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്ന മന്ത്രി സുഷമയെ ആഹ്ലാദാരവങ്ങളോടെയാണ് അംഗങ്ങള്‍ വരവേറ്റത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല