സ്വന്തം ലേഖകൻ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഇന്ത്യ. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ഇന്ന് വിക്ഷേപിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
സ്വകാര്യ റോക്കറ്റായ വിക്രം എസ് 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസ് ഐ എസ് ആര്‍ ഒയുടെ സഹകരണത്തോടെയാണ് ആദ്യ സ്വകാര്യ റോക്കറ്റ് നിര്‍മിച്ചത്. ‘പ്രാരംഭ്’ എന്നാണ് ദൗത്യത്തിന്റെ പേര്.
ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എന്‍-സ്പേസ്ടെക്, അര്‍മേനിയന്‍ ബസൂംക്യു സ്പേസ് റിസര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് വിക്രം എസ് 3 ഭ്രമണപഥത്തിലെത്തിക്കുക.
സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും സാക്ഷാത്കരിക്കാനുമുള്ള ഉത്തേജനമാണ് എന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് വിക്ഷേപണത്തിന് ശേഷം പറഞ്ഞു.
ലോഞ്ച് വെഹിക്കിളിന്റെ സ്പിന്‍ സ്ഥിരതയ്ക്കായി 3-ഡി പ്രിന്റ് ചെയ്ത സോളിഡ് ത്രസ്റ്ററുകള്‍ ഉള്ള ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ റോക്കറ്റുകളില്‍ ഒന്നാണ് ഇത് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈദരാബാദ് ആസ്ഥാനമായി 2018 ല്‍ സ്ഥാപിതമായ സ്‌കൈറൂട്ട് എയ്‌റോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം യാഥാര്‍ഥ്യമായതോടെ ബഹിരാകാശ ഗവേഷണരംഗത്തെ സ്വകാര്യപങ്കാളിത്തം എന്ന അപൂര്‍വ നേട്ടമാണ് ഇന്ത്യയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
വിക്രം-1 റോക്കറ്റിന് 290 കിലോഗ്രാം ഭാരം 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുണ്ട്. ഇതിന്റെ പ്രാരംഭ രൂപമാണ് ഇന്ന് വിക്ഷേപിച്ച വിക്രം-എസ്. ഇന്ത്യ, യു എസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ രണ്ടര കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളായതായി സ്പേസ് കിഡ്‌സ് ഇന്ത്യ സി ഇ ഒ ശ്രീമതി കേശന്‍ അറിയിച്ചു.
ദൗത്യം വിജയിച്ചാല്‍ വിക്രം 1, വിക്രം 2, വിക്രം 3 റോക്കറ്റുകള്‍ അടുത്ത വര്‍ഷം വിക്ഷേപിക്കും എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 2020 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റോക്കറ്റ് വിക്ഷേപണം സ്വകാര്യ സംരംഭകര്‍ക്ക് തുറന്ന് കൊടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല