സ്വന്തം ലേഖകൻ: വിമാന യാത്രാനിരക്കില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കുറഞ്ഞതും കൂടിയതുമായ പരിധി ഒഴിവാക്കാന്‍ വിമാനക്കമ്പനികളും സര്‍ക്കാരും ചര്‍ച്ചയ്ക്കൊരുങ്ങുന്നു. ആഭ്യന്തര വ്യോമയാന മേഖലയില്‍ യാത്രക്കാരുടെ എണ്ണം ഉയരാതിരിക്കാന്‍ യാത്രാനിരക്കിലെ ഈ നിയന്ത്രണം തടസ്സമാകുന്നതായി ചില വിമാനക്കമ്പനികള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണിത്. അടുത്തയാഴ്ച വിമാനക്കമ്പനി മേധാവികളും സര്‍ക്കാര്‍ പ്രതിനിധികളും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
അതേസമയം, എല്ലാ വ്യോമയാന കമ്പനികളും ഇതിനെ അനുകൂലിച്ചിട്ടില്ലെന്നാണ് വിവരം. ഇന്‍ഡിഗോയും വിസ്താരയും അനുകൂല നിലപാടെടുക്കുമ്പോള്‍ സ്പൈസ്ജെറ്റ്, ഗോ ഫസ്റ്റ് എന്നിവ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ ഇടപെടല്‍ തുടരണമെന്ന പക്ഷത്താണെന്നാണ് സൂചന. ആഭ്യന്തര വിമാനനിരക്ക് സ്വതന്ത്രമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കാനായെങ്കിലേ ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നാണ് കമ്പനികള്‍ പറയുന്നത്.
1994-ല്‍ വ്യോമയാന മേഖലയുടെ നിയന്ത്രണം നീക്കിയപ്പോള്‍ നിരക്കുനിര്ണയവും സ്വതന്ത്രമാക്കിയിരുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണില്‍ സാമ്പത്തികമായി ദുര്‍ബലമായ വിമാന കമ്പനികള്‍ തകരാതിരിക്കാന്‍ 2020 മേയ് 25 -ന് നിരക്കില്‍ കുറഞ്ഞതും കൂടിയതുമായ പരിധി നിര്‍ണയിക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആഭ്യന്തര സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണത്തിലുള്ള നിയന്ത്രണം എടുത്തുകളഞ്ഞെങ്കിലും യാത്രാനിരക്കിലുള്ള പരിധി ഇപ്പോഴും തുടരുകയാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ കൂടുതല്‍പേര്‍ യാത്ര ചെയ്തുതുടങ്ങിയിട്ടുണ്ട്. എങ്കിലും പ്രതിദിന യാത്രക്കാരുടെ എണ്ണം മൂന്നുലക്ഷത്തിനും മൂന്നരലക്ഷത്തിനും ഇടയില്‍ നില്‍ക്കുകയാണ്. യാത്രാ നിരക്കിലെ നിയന്ത്രണമാണ് ഇതിനു കാരണമെന്നാണ് വിമാനക്കമ്പനികള്‍ പറയുന്നത്. കോവിഡിനു മുമ്പ് ദിവസം നാലുലക്ഷത്തിലധികം യാത്രക്കാര്‍ രാജ്യത്ത് വിമാനയാത്ര നടത്തിയിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവുനല്‍കി യാത്രക്കാരെ ഉറപ്പാക്കാനും അവശേഷിക്കുന്ന സീറ്റുകള്‍ കൂടിയ നിരക്കില്‍ നല്കി സര്‍വീസ് ലാഭകരമാക്കാനുമുള്ള അവസരമാണ് കമ്പനികള്‍ തേടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല