1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2023

സ്വന്തം ലേഖകൻ: വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ യുജിസി വഴി തുറന്നു. പ്രവേശന നടപടികൾ, ഫീസ്, കോഴ്സ് ഘടന എന്നിവയെല്ലാം സ്ഥാപനങ്ങൾക്കു തീരുമാനിക്കാമെന്നാണു കരടു മാർഗരേഖയിൽ പറയുന്നത്. ഓൺലൈൻ ക്ലാസുകൾ അനുവദിക്കില്ല; നേരിട്ടുള്ള ഓഫ്‌ലൈൻ ക്ലാസ് തന്നെയാകണം. സംവരണം ഉൾപ്പെടെ ഇന്ത്യൻ സ്ഥാപനങ്ങളിൽ നിലവിലുള്ള മാനദണ്ഡങ്ങൾ ബാധകമാകില്ല. ഫീസ് സ്ഥാപനങ്ങൾക്കു നിശ്ചയിക്കാമെങ്കിലും ഇന്ത്യക്കാർക്കു താങ്ങാവുന്ന നിരക്കു മാത്രമേ ഈടാക്കാവൂ എന്നു മാർഗനിർദേശം നൽകും.

ഈ മാസം അവസാനത്തോടെ അന്തിമ മാർഗരേഖ പ്രസിദ്ധീകരിക്കുമെന്നു യുജിസി വ്യക്തമാക്കി. വിദേശ സ്ഥാപനങ്ങൾക്കു സ്വന്തം നിലയിലോ നിലവിൽ രാജ്യത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേർന്നോ ക്യാംപസുകൾ തുറക്കാം. രാജ്യാന്തരതലത്തിൽ മുൻനിരയിലുള്ള സ്ഥാപനങ്ങൾക്കാണ് അനുമതി നൽകുക.

ആദ്യഘട്ടത്തിൽ 10 വർഷത്തേക്കായിരിക്കും അനുമതി. ഒൻപതാം വർഷം ഇതു പുതുക്കാൻ അപേക്ഷ സമർപ്പിക്കണം. രാജ്യത്തിന്റെ താൽപര്യങ്ങൾക്കു ഭംഗം വരുത്തുന്ന കോഴ്സുകളോ പാഠഭാഗങ്ങളോ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നു യുജിസി ചെയർമാൻ എം.ജഗദേഷ് കുമാർ പറഞ്ഞു.

സ്ഥാപനങ്ങളുടെ അപേക്ഷ യുജിസിയുടെ വിദഗ്ധ സമിതി പരിശോധിച്ചു 45 ദിവസത്തിനുള്ളിൽ അനുമതി നൽകും. അനുമതി ലഭിച്ചാൽ 2 വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാം. ഇന്ത്യക്കാർക്കും വിദേശികൾക്കും ഉൾപ്പെടെ പ്രവേശനം നൽകാം. വിദേശത്തു സ്ഥാപനം പ്രവർത്തിക്കുന്നതിനു സമാനരീതിയിലാകും ഇവിടെയും പ്രവർത്തിക്കുകയെന്നാണു വിശദീകരണം. അതേസമയം, വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ഉൾപ്പെടെ ഇവർക്കു ബാധകമാകും.

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുടങ്ങാൻ യുജിസി അനുമതി നൽകിയാലും കേരളത്തിൽ നിയന്ത്രണം വന്നേക്കും. വിദേശ സർവകലാശാലകളുടെ കോഴ്സ് ഘടന, നിലവാരം, പരീക്ഷാ രീതി, ഫീസ് തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനും ഇടപെടാനാകുമെന്നാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വിലയിരുത്തൽ. സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം പാലിക്കാത്ത വിദേശ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ ഉപരിപഠനത്തിനോ ജോലി ലഭിക്കുന്നതിനോ അംഗീകരിക്കില്ലെന്ന നിലപാടെടുക്കാം.

ഉന്നതവിദ്യാഭ്യാസ കൗൺസിലിനു കീഴിലുള്ള സമിതിയാണ് ബിരുദം പരിശോധിച്ചു തുല്യതാ സർട്ടിഫിക്കറ്റ് നൽകേണ്ടത്. എല്ലാ വൈസ് ചാൻസലർമാരും അംഗങ്ങളായ സമിതി ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചാണ് തീരുമാനമെടുക്കാറുള്ളത്. അതേസമയം, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കേന്ദ്ര സർക്കാർ പ്രത്യേക നിയമം കൊണ്ടുവന്നാൽ കേരളത്തിന്റെ നിയന്ത്രണങ്ങൾക്കു പ്രസക്തിയില്ലാതാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.