സ്വന്തം ലേഖകന്‍: ഭീകരാക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം, കഴിഞ്ഞ വര്‍ഷം നടന്ന 791 ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 289 പേര്‍. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ സഹായത്തോടെ ഒരു സംഘടന പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇറാഖ് ഒന്നാമതുള്ള പട്ടികയില്‍ അഫ്ഗാനും പാകിസ്താനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
താലിബാനും ഇസ്ലാമിക് സ്‌റ്റേറ്റും ബോക്കോ ഹറാമുമാണ് ഏറ്റവും അപകടകാരികളായ തീവ്രവാദി ഗ്രൂപ്പുകളെന്നും പഠനം വ്യക്തമാക്കുന്നു. തീവ്രവാദി ആക്രമണങ്ങള്‍ക്ക് പുറമേ നക്‌സ്‌ലൈറ്റ് ഭീകരത കൂടി ഇന്ത്യ നേരിടുന്നതിനാല്‍ ലോകത്തിലെ നക്‌ലൈറ്റ് ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനവും ഇന്ത്യക്കാണ്.
കഴിഞ്ഞ വര്‍ഷം 11,774 തീവ്രവാദി ആക്രമണങ്ങളാണ് ലോകമൊട്ടാകെ ഉണ്ടായത്. ഇവയില്‍ 28,328 പേര്‍ കൊല്ലപ്പെടുകയും 35,320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2015 ല്‍ 343 ഭീകരാക്രമണങ്ങള്‍ മാവോയിസ്റ്റുകളുടെ വകയായിരുന്നു. ഇതില്‍ 176 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 4,512 ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായ 1,093 ആക്രമണങ്ങള്‍ താലിബാന്റെ വകയായിരുന്നു.
എന്നാല്‍ എണ്ണം കുറവാണെങ്കിലും കൂടുതല്‍ മാരകമായ ആക്രമണം നടത്തിയത് ഐഎസാണ്. 931 ആക്രമണം നടത്തിയ അവര്‍ 6,050 പേരുടെ ജീവനെടുത്തു. 491 ആക്രമണം നടത്തിയ ബോക്കോഹറാം 5,450 പേരെ കൊലപ്പെടുത്തി. പട്ടികയില്‍ അഞ്ചാമതുള്ള കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി 238 ആക്രമണങ്ങളിലൂടെ 287 പേരെ വധിച്ചു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നേരിട്ടത് ഛത്തീസ്ഗഡ്, മണിപ്പൂര്‍, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളാണ്. 21 ശതമാനം ആക്രമണം ഛത്തീസ്ഗഡ് നേരിട്ടു. മണിപ്പൂര്‍ 12 ശതമാനവും ജമ്മു കശ്മീരില്‍ 11 ശതമാനവും ഉണ്ടായി. ജാര്‍ഖണ്ഡ് 10 ശതമാനം ആക്രമണം നേരിട്ടു. ഛത്തീസ്ഗഡില്‍ തീവ്രവാദി ആക്രമണം കഴിഞ്ഞ വര്‍ഷം മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാവുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല