1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2023

സ്വന്തം ലേഖകൻ: ഇന്ത്യയെ ഭാരതമാക്കാനുള്ള കേന്ദ്രനീക്കം അണിയറയിലൊരുങ്ങുന്നതായുള്ള ചര്‍ച്ചകള്‍ക്കിടെ പേരുമാറ്റ സൂചനയുമായി ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനു മുന്നില്‍ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തിയതാണ് പുതിയ ചർച്ചകൾക്ക് ഇടയാക്കിയത്. ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പേരുമാറ്റവുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായി.

ജി20 ഉച്ചകോടിയ്‌ക്കെത്തുന്ന നേതാക്കള്‍ക്കായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജി20 ഉച്ചകോടിയില്‍ നേതാക്കള്‍ക്ക് വിതരണംചെയ്ത ലഘുലേഖകളിലും പേരുമാറ്റ നീക്കവുമായി ബന്ധപ്പെട്ട സൂചനകളുണ്ടായിരുന്നു. ഉച്ചകോടിയില്‍ വിതരണംചെയ്ത ലഘുലേഖകളിലൊന്നായ ‘ഭാരത്, ദി മദര്‍ ഓഫ് ഡെമോക്രസിയില്‍’ ഭാരതം എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക നാമമെന്നും അത് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപാദിച്ചിട്ടുണ്ട്.

അതിനിടെ ഇന്ത്യ പേരുമാറ്റാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഔദ്യോഗിക രേഖകളില്‍ ഇന്ത്യ മാറ്റി ഭാരത് എന്നാക്കുമെന്ന് യുഎൻ വക്താവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പേരുമാറ്റമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രത്തില്‍ നിന്ന് ഇതുവരെയുണ്ടായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചേക്കുമെന്ന സൂചനകളുയര്‍ന്നത്.

പ്രതിപക്ഷസഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ട പശ്ചാത്തലത്തിലായിരുന്നു രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന നിര്‍ദ്ദേശവുമായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തിയത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും നീക്കം.

ബി.ജെ.പി. സര്‍ക്കാര്‍ ചരിത്രം വികലമാക്കുകയാണെന്നും ഇന്ത്യയെ വിഭജിക്കുകയാണെന്നുമുള്ള കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യയെന്ന പേര് കൊളോണിയല്‍ ഭരണത്തിന്റെ പിന്തുടര്‍ച്ചയാണെന്നും കൊളോണിയല്‍ വ്യവസ്ഥിതിയ്‌ക്കെതിരെയുള്ള ശക്തമായ പ്രസ്താവനയാണ് പേരുമാറ്റമെന്നുമാണ് ബി.ജെ.പിയുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.