1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2023

സ്വന്തം ലേഖകൻ: ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജി20 ഉച്ചകോടി ക്ഷണക്കത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് രാഷ്ട്രപതി ഭവൻ. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിലേക്ക് രാഷ്ട്രത്തലവന്‍മാരെ രാഷ്ട്രപതി ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് ‘ദ പ്രസിഡന്റ് ഓഫ് ഇന്ത്യ’എന്നതിനുപകരം ‘ദ പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് ഉപയോഗിച്ചിരിക്കുന്നത്.

കത്ത് പുറത്തുവന്നതിനുപിന്നാലെ പ്രതിപക്ഷം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. ഇന്ത്യയുടെ ഫെഡറൽ സ്വഭാവം തന്നെ ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

“വാർത്ത തീർത്തും ശരിയാണ്. സെപ്തംബർ ഒൻപതിന് നടക്കുന്ന ജി20 അത്താഴവിരുന്നിന്, ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരിലാണ് രാഷ്ട്രപതി ഭവനിൽനിന്ന് ക്ഷണക്കത്ത് നൽകിയത്. ഇനി മുതൽ ഭരണഘടനയിലെ അനുച്ഛേദം ഒന്ന് ഇങ്ങനെ വായിക്കാം: “ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കുന്നതാണ്.” സംസ്ഥാനങ്ങളുടെ യൂണിയൻ പോലും ആക്രമണത്തിനിരയായിരിക്കുകയാണ്,” ജയറാം രമേശ് സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.

“ഇന്ത്യ എന്ന ഭാരതം” എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ രാജ്യത്തെ വിശേഷിപ്പിക്കുന്നത്. സെപ്തംബർ 18-23 തീയതികളിൽ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യ എന്നത് “ഭാരത്” എന്നാക്കി മാറ്റാനുള്ള നിർദേശങ്ങൾ ഉയർന്നിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിജെപി രാജ്യസഭാ എം പി നരേഷ് ബൻസാലാണ് ‘ഇന്ത്യ’ എന്നത് ഭരണഘടനയിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇത് കൊളോണിയൽ അടിമത്തത്തിന്റെ പ്രതീകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ആർഎസ്എസ് തലവൻ മോഹൻ ഭഗവതും ഈ മാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യം നൂറ്റാണ്ടുകളായി ഭാരതം എന്നാണ് അറിയപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു “ഇന്ത്യ” എന്നതിന് പകരം “ഭാരത്” എന്ന പദം ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

എന്നാല്‍ ഇപ്പോഴത്തെ നീക്കം ബിജെപി സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണെന്നാണ് പൊതുവില്‍ ഉയരുന്ന ആക്ഷേപം. ആർ എസ് എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ അജണ്ടയുടെ ഭാഗമായുള്ള നീക്കമായിട്ടാണ് പെരുമാറ്റൽ ചടങ്ങിനെ രാഷ്ട്രീയ സാമൂഹിക നിരീക്ഷകർ ഉൾപ്പെടെയുള്ളവർ വിലയിരുത്തുന്നത്.

ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക ഉൾപ്പെടെ നേരത്തെ രാജ്യത്തിന്റെ പേരുമാറ്റം നടത്തിയിട്ടുണ്ട്. അതിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ തികച്ചും വേറിട്ടതായിരുന്നു. ചിലർ അന്താരാഷ്ട്ര തലത്തിലെ മുഖം മിനുക്കലിന്റെ ഭാഗമായാണ് പേരുമാറ്റിയതെങ്കിൽ മറ്റുചിലർ കൊളോണിയൽ ഓർമകളെ തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യമിട്ടത്. അതിനിടയിൽ ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമായി പേരുമാറ്റിയവരുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.