സ്വന്തം ലേഖകൻ: ഇന്ത്യയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് പങ്കെടുക്കില്ലെന്ന് ഉറപ്പായതായി സൂചന. ഇക്കാര്യം ഔദ്യോഗികമായി ചൈന ഇന്ത്യയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ജി20 സമ്മേളനത്തിൽ ചൈനീസ് സംഘത്തെ പ്രീമിയർ ലി ക്വിയാങ്ങായിരിക്കും നയിക്കുക.
അതേസമയം, ഇതുസംബന്ധിച്ച് എഴുതി തയാറാക്കിയ കത്ത് ലഭിച്ചിട്ടില്ലെന്ന് ജി20 സ്പെഷ്യൽ സെക്രട്ടറി മുക്തേഷ് പർദേശി പറഞ്ഞു. ഇതാദ്യമായാണ് ഷീ ജിങ്പിങ് ജി20 യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. സെപ്റ്റംബർ ഒമ്പത്,പത്ത് തീയതികളിലാണ് ഡൽഹിയിൽ ജി20 സമ്മേളനം നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
നേരിട്ട് സമ്മേളനത്തിനെത്താൻ കഴിയില്ലെന്ന വിവരം ടെലിഫോണിലൂടെയാണ് പുടിൻ പ്രധാനമന്ത്രിയെ അറിയിച്ചത്. വിദേശകാര്യമന്ത്രി സെർജി ലാവ്റോവായിരിക്കും റഷ്യൻ സംഘത്തെ നയിക്കുക. നേരത്തെ ബ്രിക്സ് സമ്മേളനത്തിനിടെ ഷീയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യഥാർഥ നിയന്ത്രണരേഖ സംബന്ധിച്ച് ഇന്ത്യയുടെ ആശങ്ക മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല