1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2023

സ്വന്തം ലേഖകൻ: പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് പ്രഗതി മൈതാനിയിലെ ഭാരതമണ്ഡപത്തിൽ തുടക്കമായി. തന്‍റെ പ്രസംഗത്തിൽ സ്ഥിരാംഗമായി ആഫ്രിക്കന്‍ യൂണിയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതംചെയ്തു. മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻപൊലിഞ്ഞവർക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ അധ്യക്ഷപ്രസംഗം ആരംഭിച്ചത്. ‘ജി 20 ഉച്ചകോടിയുടെ പരിപാടികളിലേക്ക് കടക്കുന്നതിന് മുന്നേ, മൊറോക്കോയിൽ ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലി അർപ്പിക്കുന്നു. ഭൂകമ്പത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. മൊറോക്കോയ്ക്കായി, സാധ്യമായ കാര്യങ്ങൾ ചെയ്യാൻ ഇന്ത്യ തയ്യാറാണ്’, പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കവെ പറഞ്ഞു.

‘ഇന്ത്യയ്ക്ക് ലഭിച്ച ജി20 ഉച്ചകോടിയുടെ അധ്യക്ഷപദം രാജ്യത്തിനകത്തും പുറത്തും ലഭിക്കുന്ന അംഗീകരത്തിന്റെ പ്രതീകമായിമാറി. ഇത് ഇന്ത്യയിലെ ജനങ്ങളുടെ ജി20 ആയി മാറി. കോടിക്കണക്കിന് ആളുകളാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത്. രാജ്യത്ത്, അറുപതിലേറെ നഗരങ്ങളിലായി 200-ലേറെ യോഗങ്ങളാണ് നടന്നത്. ‘സബ്കാ സാത്’ എന്ന ചിന്താഗതിയോടെയാണ് ആഫ്രിക്കൻ യൂണിയനെ കൂടി ജി20 ഉച്ചകോടിയിൽ ഉൾപ്പെടുത്തണമെന്നആവശ്യം ഇന്ത്യ ഉന്നയിച്ചത്’, മോദി പറഞ്ഞു.

ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, ജി 20 ഉച്ചകോടിയിലെ പ്രധാന വേദിയിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ ഇന്ത്യ എന്ന പേരിന് പകരം ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഒരുഭൂമി’ എന്ന വിഷയത്തിലാണ് ആദ്യ ചർച്ച. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും.

ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. റഷ്യ-യുക്രൈൻ യുദ്ധത്തെച്ചൊല്ലി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ഒരുഭാഗത്തും റഷ്യയും ചൈനയും മറുഭാഗത്തും ചേരിതിരിഞ്ഞ് നിലയുറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി എന്നത് ശ്രദ്ധേയമാണ്. ആഫ്രിക്കൻ യൂണിയനെ ജി-20 യിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉച്ചകോടി തീരുമാനമെടുക്കും.

അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാക്കാനും ഡൽഹി പ്രഖ്യാപനമെന്ന പേരിൽ സംയുക്ത പ്രസ്താവന പുറത്തിറക്കാനുമാണ് ഇന്ത്യയുടെ ശ്രമം. സംയുക്ത പ്രഖ്യാപനം ഏറെക്കുറെ തയ്യാറാണെന്നും നേതാക്കൾ ചർച്ചചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യയുടെ ഷെർപ അമിതാഭ് കാന്ത് വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ഖ്വാത്ര, ഉച്ചകോടിയുടെ ഏകോപനം നിർവഹിക്കുന്ന മുൻ വിദേശകാര്യസെക്രട്ടറി ഹർഷവർധൻ ശൃംഗ്ല, കേന്ദ്ര സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറി അജയ് സേഥ്, വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി എന്നിവർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ നൽകുമെന്ന് യുഎസ്. പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ജി-20 ഉച്ചകോടിക്കുമുമ്പായി വെള്ളിയാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ജി-20 അംഗരാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട എട്ട് രാജ്യങ്ങൾ, 14 അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ തലവൻമാരും പ്രതിനിധികളും പങ്കെടുക്കുന്ന പതിനെട്ടാമത് ഉച്ചകോടിയാണ് രണ്ടുദിവസങ്ങളിലായി ഡൽഹിയിൽ നടക്കുന്നത്.

രാജ്യത്തെ 60 നഗരങ്ങളിലായിനടന്ന 220 ജി-20 യോഗങ്ങളുടെ സമാപനമാണ് ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തികവികസനം, ചെറിയവരുമാനമുള്ള രാജ്യങ്ങൾക്കുമേലുള്ള കടഭാരം, ഭക്ഷ്യ-വളം പണപ്പെരുപ്പം എന്നിവയാണ് ജി-20 ഉച്ചകോടിയുടെ പ്രധാന ചർച്ചാവിഷയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഈ മൂന്ന് വിഷയങ്ങളും വെവ്വേറെ തിരിച്ചാണ് ഉച്ചകോടി ചർച്ചചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.