സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയായ ഹെൻലി പാസ്‌പോർട്ട് സൂചികയില്‍, ഇക്കൊല്ലം മൂന്നു റാങ്കുകള്‍ മെച്ചപ്പെടുത്തി 80–ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യ. ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഏറ്റവും മുന്നിൽ. ഈ ആറു രാജ്യങ്ങള്‍ക്കും 194 രാജ്യങ്ങളിലേക്ക് വീസരഹിത പ്രവേശനമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാനും സിംഗപ്പൂരും ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്. ഇന്‍റര്‍നാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്‍റെ (IATA) ഡേറ്റയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്.
ലോകത്തെ 193 രാജ്യങ്ങളിലേക്കു വീസയില്ലാതെ യാത്ര ചെയ്യാനാകുന്ന ഫിൻലൻഡ്, സ്വീഡൻ, ദക്ഷിണ കൊറിയ പാസ്പോർട്ടുകളാണ് രണ്ടാം സ്ഥാനത്തുള്ളത്. ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്തെത്തി, ഇവിടങ്ങളില്‍ നിന്നുള്ള പാസ്‌പോർട്ട് ഉടമകൾക്ക് 192 രാജ്യങ്ങളിലേക്കു വീസയില്ലാതെ പ്രവേശിക്കാം.
കാനഡ, ഹംഗറി, യുഎസ് എന്നീ രാജ്യങ്ങൾ ഏഴാം സ്ഥാനത്താണ് (188 പോയിന്റ്). യുഎഇ 11–ാം സ്ഥാനത്തും ഖത്തറും ദക്ഷിണാഫ്രിക്കയും 53–ാം സ്ഥാനത്തും വരുന്നു. കുവൈത്ത് – 55, മാലദ്വീപ്സ് 58, സൗദി അറേബ്യ – 61, ചൈന – 62, തായ്‌ലൻഡ് 63, എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളുടെ റാങ്കിങ്. ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ, 62 രാജ്യങ്ങളിലേക്കു വീസയില്ലാതെ യാത്ര ചെയ്യാൻ പൗരന്മാർക്ക് അനുമതിയുള്ള ഇന്ത്യയുടെ പാസ്‌പോർട്ട് ഈ പട്ടികയിൽ 80-ാം സ്ഥാനത്താണ്. ഉസ്ബെക്കിസ്ഥാന്‍ ഇന്ത്യയ്ക്കൊപ്പം റാങ്ക് പങ്കിട്ടു.
ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നിൽ. വെറും 28 രാജ്യങ്ങളിലേക്കു മാത്രമാണ് അഫ്ഗാനിസ്ഥാന്‍ പാസ്പോര്‍ട്ടിന് വീസരഹിത പ്രവേശനമുള്ളത്. പാക്കിസ്ഥാൻ 101-ാം സ്ഥാനത്താണ്. ഏറ്റവും താഴെ നിന്നും നാലാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. 29 ലക്ഷ്യസ്ഥാനങ്ങളിലേക്കു മാത്രം വീസ രഹിത പ്രവേശനമുള്ള സിറിയ, പിന്നിൽ നിന്നു രണ്ടാം സ്ഥാനത്താണ്. ഇറാഖ് പിന്നിൽ നിന്ന് മൂന്നാം സ്ഥാനത്താണ്.
ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്‍റെ ചെയർമാനും പാസ്‌പോർട്ട് സൂചികയുടെ സ്രഷ്ടാവുമായ ക്രിസ്റ്റ്യൻ എച്ച്.കെയ്‌ലിൻ ഈ വര്‍ഷത്തെ സൂചികയില്‍, രാജ്യങ്ങൾ തമ്മിലുള്ള ആഗോള മൊബിലിറ്റി വിടവ് ഉയർത്തിക്കാട്ടി. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വർധിച്ച യാത്രാ സ്വാതന്ത്ര്യം ഉണ്ടായിരുന്നിട്ടും സൂചികയുടെ ആദ്യസ്ഥാനങ്ങളിലും അവസാന സ്ഥാനങ്ങളിലുമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വം എക്കാലത്തെയും ഉയർന്ന നിലയിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല